SCERT Text Book Update: പുതുക്കിയ പാഠപുസ്തകങ്ങൾ വെബ്സൈറ്റിലും ലഭ്യം; വിവരങ്ങൾ ഇങ്ങനെ

SCERT updated text books avilable in website: മൂന്നാം ക്ലാസിലെ പുതുക്കിയ പാഠപുസ്തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അടുക്കള ജോലികള്‍ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രീകരണമടങ്ങിയ സ്‌കൂള്‍ പാഠഭാഗമാണ് ചര്‍ച്ചയായിരിക്കുന്നത്.

SCERT Text Book Update: പുതുക്കിയ പാഠപുസ്തകങ്ങൾ വെബ്സൈറ്റിലും ലഭ്യം; വിവരങ്ങൾ ഇങ്ങനെ
Updated On: 

02 Jun 2024 09:47 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയത്തിലുള്ള ഇ പുസ്തകങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

https://scert.kerala.gov.in/curriculum-2024/ എന്ന വെബ്‌സൈറ്റ് വഴി പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇനി പഴയ പാഠപുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റിലും സമഗ്ര പോര്‍ട്ടലിലും ലഭ്യമാണ്.

അതേസമയം, മൂന്നാം ക്ലാസിലെ പുതുക്കിയ പാഠപുസ്തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അടുക്കള ജോലികള്‍ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രീകരണമടങ്ങിയ സ്‌കൂള്‍ പാഠഭാഗമാണ് ചര്‍ച്ചയായിരിക്കുന്നത്. വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കളയെന്നും ചിത്രം നോക്കി എന്തെല്ലാം പണികളാണ് അടുക്കളയില്‍ നടക്കുന്നതെന്നും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ കൂടി ഓര്‍മിച്ച് പറയാന്‍ കൂടി കുട്ടിക്ക് നിര്‍ദേശം നല്‍കുന്നതാണ് പാഠഭാഗം.

അമ്മ പാചകത്തില്‍ വ്യാപൃതയായിരിക്കുമ്പോള്‍ അച്ഛന്‍ തേങ്ങ ചിരകുന്നതും മകള്‍ മറ്റൊരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ചിത്രത്തില്‍ കാണാം. തൊഴിലും ഭാഷയും എന്ന പാഠഭാഗത്തിലാണ് ഈ ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്. മുമ്പത്തെ പാഠഭാഗങ്ങളില്‍ പൂമുഖത്തിരുന്ന അച്ഛനെ അടുക്കളയില്‍ എത്തിച്ചിട്ടുണ്ടെന്നും മക്കളൊക്കെ ഇത് കണ്ട് പഠിക്കട്ടെ എന്നുമാണ് ആളുകള്‍ പറയുന്നത്.

സ്‌കൂളുകളില്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്ക് ഒന്നിച്ചുള്ള ഇരിപ്പിടം എന്ന ആശയം വിവാദമായതോടെ ചര്‍ച്ചാരേഖയില്‍നിന്ന് മാറ്റിയിരുന്നു. അഞ്ചാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പ്രാരംഭ പാഠമായ പീലിയുടെ ഗ്രാമം എന്നത് നേരത്തേ തന്നെ കരിക്കുലം സബ്കമ്മിറ്റിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ അവധിക്കാലത്ത് സഹപാഠിയായ പീലിയുടെ വീട്ടിലെത്തിയപ്പോള്‍ അമ്മ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ അച്ഛനാണ് മീന്‍കറി ഉണ്ടാക്കിയത് എന്ന് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

അച്ഛനാണ് കൃഷി ചെയ്യുന്നതും. അപ്പോള്‍ പീലിയുടെ അമ്മക്കെന്താണ് ജോലി എന്നായിരുന്നു കരിക്കുലം സബ്കമ്മിറ്റിയിലുയര്‍ന്ന ചോദ്യം. പാഠഭാഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും മാറ്റങ്ങളില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഒക്ടോബറിലായിരിക്കും രണ്ടാം ഭാഗം പുറത്തുവരിക.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ