Sanju Techy : ഇനി വണ്ടിയോടിക്കണ്ട; സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി ആർടിഒ
Sanju Techy Licence Suspended : യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് സഞ്ജുവിനെതിരെ കടുത്ത നടപടിയെടുത്തത്. ഇതിനെതിരെ സഞ്ജുവിനെ കോടതിയെ സമീപിക്കാം.
കാറിനുള്ളിൽ സ്വിമ്മിങ് പൂളുണ്ടാക്കിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി ആർടിഒ. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നടപടിയെടുത്തത്. യൂട്യൂബ് ചാനലിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടത്തിയതോടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കേസെടുത്തതിൻ്റെ ആദ്യ ഘട്ടത്തിൽ മോട്ടോർ വാഹനവകുപ്പിനെ പരിഹസിച്ച സഞ്ജു, ഹൈക്കോടതി ഉത്തരവോടെ നടപടി കടുക്കുകയാണെന്ന് മനസിലാക്കി മാപ്പപേക്ഷിച്ചിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇത്തരം തെറ്റുകൾ ഇനി ആവർത്തില്ലെന്നും പറഞ്ഞെങ്കിലും കടുത്ത നടപടിയെടുക്കാൻ തന്നെ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിൻ്റെ രജിസ്ട്രേഷം കഴിഞ്ഞ ദിവസം ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. ലൈസൻസ് ആജീവനാന്തം റദാക്കിയെങ്കിലും സഞ്ജുവിന് കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും.
സഞ്ജുവിൻ്റെ യൂട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. 160 കിലോമീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്ത് ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ സഞ്ജുവിലുള്ള കുരുക്ക് മുറുകാനാണ് സാധ്യത. 812 വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്ന സഞ്ജു ടെക്കിയുടെ യൂട്യൂബ് ചാനലിന് 15 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഉള്ളത്.
സീറ്റ് നീക്കം ചെയ്ത് ടാർപോളിൻ ഷീറ്റ് വാഹനത്തിൽ വിരിച്ച് അതിൽ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും വാഹനത്തിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്. എന്നാൽ യാത്രക്കിടയിൽ സമ്മർദ്ദം മൂലം ടാർപോളിൻ പൊട്ടുകയും വാഹനത്തിൽ നിന്ന് വെള്ളം ലീക്കായി ഒടുവിൽ മുൻ സീറ്റിലെ എയർബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ആലപ്പുഴ- തിരുവല്ല റോഡിലായിരുന്നു സംഭവം.
ഇതേ തുടർന്നാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ നേരിട്ട് തന്നെ സഞ്ജു ടെക്കിയുടെയും വാഹനത്തിന്റെ ഉടമയുടെയും ലൈസൻസ് റദ്ദാക്കിയത്. വീഡിയോ തന്നെ തെളിവായി എടുത്തു കൊണ്ടാണ് നടപടി. ആറ് മാസത്തേക്കായിരുന്നു ലൈസൻസ് റദ്ദാക്കിയത്. ഇതിനു പിന്നാലെ മോട്ടോർ വാഹനവകുപ്പിനെ പരിഹസിച്ച് സഞ്ജു രംഗത്തുവന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും ലഭിക്കാത്ത റീച്ച് ഒരു കേസ് മൂലം തനിക്ക് ലഭിച്ചുവെന്നാണ് സഞ്ജു വീഡിയോയിൽ പറഞ്ഞത്. ആർടിഒയ്ക്കും മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു. പിന്നാലെ കേസിൽ ഹൈക്കോടതി ഇടപെട്ടു. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സഞ്ജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എംവിഡിയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സഞ്ജുവിനെതിരെ കേസെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചതോടെ അലക്ഷ്യമായ ഡ്രൈവിങിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവിൽ മറ്റൊരു കേസുണ്ട്.
അതേസമയം, സഞ്ജുവും ഓടുന്ന വാഹനത്തിൽ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളജിൽ നിർബന്ധിത സാമൂഹ്യ സേവനം ആരംഭിച്ചിരുന്നു. 15 ദിവസത്തേക്കാണ് സേവനം.