5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Mammootty: മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം; പിന്തുണയുമായി ഇടത് മന്ത്രിമാര്‍

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണ് അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ട്. അതിന് പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് നടനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്

Actor Mammootty: മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം; പിന്തുണയുമായി ഇടത് മന്ത്രിമാര്‍
Mammootty (Facebook Image)
shiji-mk
Shiji M K | Updated On: 15 May 2024 12:22 PM

കോഴിക്കോട്: പുഴു സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. സംഘപരിവാർ അനുകൂലികളാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തുന്നത്. പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണ് അതില്‍ മതപരമായ പ്രൊപ്പഗാണ്ടയുണ്ട്. അതിന് പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് നടനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഇതോടെ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ രാജനും എഎം ആരിഫ് എംപിയും രംഗത്തെത്തി.

”മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ് യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോകില്ല. ഇത് കേരളമാണ്,” കെ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളികളുടെ അഭിമാനം,’ എന്നാണ് വി ശിവന്‍കുട്ടി പോസ്റ്റിട്ടത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്ന് എഎം ആരിഫ് എംപിയും പറഞ്ഞു.

2022ലാണ് പുഴു റിലീസായത്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മമ്മൂട്ടിക്കെതിരെ വ്യാപക അധിക്ഷേപമാണ് നടക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോ തിയേറ്ററുകളിലേക്കെത്താറായി. ഇതിനോടകം തന്നെ ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ട്രെയ്ലറിനോടുള്ള ആരാധകരുടെ പ്രതികരണം വിലയിരുത്തുമ്പോള്‍ ചിത്രം തിയറ്ററുകളില്‍ വന്‍ ആവേശമാകുമെന്ന് ഉറപ്പിക്കാം.

പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോയിലേത് എന്നാണ് പ്രാഥമിക വിവരം. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം. മെയ് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.