Sabarimala Temple: പ്രതിഷേധങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയം; ശബരിമലയിൽ ഓൺലെെൻ ബുക്കിംഗിന് പുറമെ സ്പോട്ട് ബുക്കിംഗും?, റിപ്പോർട്ട്
Sabarimala Temple Online Booking: മണ്ഡലകാലം ആരംഭിക്കുന്ന നവംബർ 16 വരെ സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന കാര്യം ജനങ്ങളെ അറിയിക്കില്ല. പമ്പയിൽ നടതുറക്കുന്ന ദിവസം അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കനാണ് സർക്കാർ നീക്കം.
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമായതോടെ തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ. ഓൺലെെൻ ബുക്കിംഗിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്താൻ ശ്രമിക്കുന്നതായാണ് വിവരം. സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം 5000 പേർക്കാണ് ദർശനമുണ്ടായിരിക്കുക. ഹെെന്ദവ സംഘടനകളും ബിജെപിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നിലപാട് മാറ്റം.
മണ്ഡലകാലം ആരംഭിക്കുന്ന നവംബർ 16 വരെ സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന കാര്യം ജനങ്ങളെ അറിയിക്കില്ല. പമ്പയിൽ നടതുറക്കുന്ന ദിവസം അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കനാണ് സർക്കാർ നീക്കം. ശബരിമലയിൽ ഈ തീർത്ഥാടന കാലത്ത് ഓൺലെെൻ ബുക്കിംഗ് വഴിയായിരിക്കും ദർശനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. മണ്ഡലകാലത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കെെക്കൊണ്ടത്. പിന്നാലെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് ദർശനം ഓൺലെെൻ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചതെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പി പ്രശാന്തിന്റെ പ്രതികരണം. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിനുള്ള അനുമതി. മകരവിളക്ക് കാലത്ത് ഇതിൽ മാറ്റമുണ്ടാകും.
ഓൺലെെൻ ബുക്കിംഗ് സമയത്ത് തന്നെ ഭക്തർക്ക് പരമ്പരാഗത പാത വേണോ കാനന പാത വേണോ എന്നത് തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിലൂടെ ഭക്തർക്ക് സുഗമമായി 18-ാം പടി ചവിട്ടാം. കാനന പാതയിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ഭക്തർ തീർത്ഥാടനത്തിന് എത്തുന്നത്
ദേവസ്വം ബോർഡിന് ഗുണം ചെയ്യും. അതിനാൽ ഭക്തർക്ക് മികച്ച ദർശന സൗകര്യമൊരുക്കണം. ദർശനത്തിന് വെർച്ച്വൽ ക്യൂ സംവിധാനമൊരുക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
ശബരിമലയിൽ വെർച്ച്വൽ ക്യൂ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ഓൺലെെൻ ബുക്കിംഗ് ഇല്ലാതെ പോകാനാണ് തീരുമാനം. വെർച്വൽ ക്യൂ ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തീർത്ഥാടന കാലത്ത് തിരക്ക് നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിന്റെ പേരിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ഹെെക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 10 മണിക്കൂറിലധികം കാത്തുനിന്നാണ് ഭക്തർ 18-ാം പടി ചവിട്ടിയത്. തിരക്കിനെ തുടർന്ന് ഭക്തർ കുഴഞ്ഞ് വീണ് മരണപ്പെടുകയും മാലയൂരി തിരിച്ചിറങ്ങുകയും ചെയ്തിരുന്നു. ഓരേ സമയം തീർത്ഥാടകർ ദർശനത്തിനായി അനിയന്ത്രിതമായി എത്തി.യതായിരുന്നു കാരണം. ഇത് മറികടക്കാനാണ് സർക്കാർ വെർച്ച്വൽ ക്യൂ ഏർപ്പെടുത്തുന്നത്.