5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Temple: ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് തുടരും; നിയമസഭയിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി

Sabarimala: സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്താത്ത സർക്കാർ നടപടിക്കെതിരെ സമരവുമായി പ്രതിപക്ഷ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഐയും സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Sabarimala Temple: ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് തുടരും; നിയമസഭയിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി
Sabarimala Image: Social Media
athira-ajithkumar
Athira CA | Updated On: 16 Oct 2024 19:54 PM

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് സു​ഗമായ ദർശന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി. മണ്ഡലകാലത്ത് ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.

തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ & റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ കെെക്കൊണ്ടു.

തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ ഏത് പാതയാണ് തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെര്‍ച്ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തര്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില്‍ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റു വകുപ്പുകള്‍ക്കും മുന്‍കൂട്ടി നല്‍കുന്നതിനും അവലോകന യോ​ഗത്തിൽ തീരുമാനമായിരുന്നു.

വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരി മലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട തീര്‍ത്ഥാടന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റരീതിയില്‍ വെര്‍ച്ച്വല്‍ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും വെര്‍ച്ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്ച്വല്‍ ക്യൂ കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്താത്ത സർക്കാർ നടപടിക്കെതിരെ സമരവുമായി പ്രതിപക്ഷ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഐയും മണ്ഡലകാല- മകരവിളക്ക് മഹോത്സവത്തിൽ സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Latest News