Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി
Sabarimala Pilgrimage Guidelines For KSRTC : ശബരിമല തീർത്ഥാടകസമയത്തെ കെഎസ്ആർടിസി ബസ് സർവീസുകളിൽ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ ഉണ്ടാവരുതെന്നും തീർത്ഥാടകരെ നിർത്തി സർവീസ് നടത്തരുതെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട ബസ് സർവീസുകളിൽ കെഎസ്ആർടിസിയോട് നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ബസുകളിൽ തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർവീസ് നടത്തുന്നതിൽ ഫിറ്റ്നസ് ഇല്ലാത്തെ ഒരു ബസ് പോലും ഉണ്ടാവരുത്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
മണ്ഡലകാലത്ത് ആയിരത്തോളം ബസുകളാണ് ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി അയക്കുന്നത്. കഴിഞ്ഞ വർഷം ബസുകളിലെ ദുരിതയാത്ര ഏറെ ചർച്ചയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. തീർത്ഥാടകർക്കായി അയക്കുന്ന ബസുകൾ എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഹൈക്കോടതി ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് കർശനമായി പാലിച്ചിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണർ ഉറപ്പാക്കണം. എന്തൊക്കെ ഒരുക്കങ്ങളാണ് പൂർത്തിയായതെന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Also Read : Sabarimala Virtual Q Booking: ശബരിമല ദർശനം; വെർച്വൽ ക്യൂ ബുക്കിങ് എളുപ്പത്തിൽ ചെയ്യുന്നത് ഇങ്ങനെ…
നാളെയാണ് ശബരിമല മണ്ഡലകാലം ആരംഭിക്കുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരം നൽകുക. സ്പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്ക് അവസരം നൽകും. ചുക്കുവെള്ളവും ബിസ്കറ്റും മുഴുവൻ സമയവും ലഭ്യമാക്കും. 18ആം പടിയിൽ പരിചയസമ്പന്നരായ പോലീസുകാരെ നിയോഗിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sabarimalaonline.org യിൽ നിന്നാണ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തേണ്ടത്. വെബ്സൈറ്റിൽ മൊബൈൽ നമ്പരോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ശേഷം ശബരിമല ദർശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത സ്ലോട്ട് ഉപയോഗിച്ച് ബുക്കിംഗ് പൂർത്തിയാക്കിയാൽ ഇതിൻ്റെ അറിയിപ്പ് ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ ലഭിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് പാസ്സ് അപ്പോൾ തന്നെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ പാസ് പ്രിന്റൗട്ട് എടുക്കുകയോ മൊബൈലിൽ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യാം. ദർശനത്തിനെത്തുന്ന സമയം പമ്പയിലെയും സത്രത്തിലെയും വെരിഫിക്കേഷൻ കൗണ്ടറിൽ തിരിച്ചറിയൽ രേഖയ്ക്കൊപ്പം ഈ പാസ് കൂടി നൽകിയാലേ മല കയറാനാവൂ.