Sabarimala Pilgrim Bus Accident: എരുമേലി – ശബരിമല പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു; ഒരാൾ മരിച്ചു
Sabarimala Pilgrim Bus Crashes into Barrier: കണമല ഇറക്കത്തിൽ അട്ടിമല വളവിൽ വെച്ചാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ബസ് ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു.

കോട്ടയം: എരുമേലി – ശബരിമല പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണമല ഇറക്കത്തിൽ അട്ടിമല വളവിൽ വെച്ചാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ബസ് ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു.
വാഹനം ക്രാഷ് ബാരിയറിൽ തട്ടി മറിഞ്ഞെങ്കിലും സമീപത്തെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. സ്ഥിരം അപകട മേഖലയാണിത്. ബസിലാകെ 33 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കരുനാഗപ്പള്ളിയിൽ രണ്ട് മക്കളും അമ്മയും തീകൊളുത്തി ആത്മഹത്യ ചെയ്തു
കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം രണ്ട് മക്കളെ തീകൊളുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം. ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവരാണ് മരിച്ചത്. വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി. തുടർന്ന്, ഗുരുതരമായി പൊള്ളലേറ്റ അമ്മയെയും മക്കളെയും ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ താര ജി കൃഷ്ണ ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. പിന്നാലെ രാത്രിയോടെ മക്കളും മരണപെട്ടു. താരയുടെ ഭർത്താവ് ഗിരീഷ് വിദേശത്ത് നിന്നും നാട്ടിൽ എത്താനിരിക്കെയാണ് ദാരുണമായ സംഭവം.