Sabarimala Virtual Queue : ശബരിമല വെർച്വൽ ക്യൂ; പ്രതിദിന ബുക്കിംഗ് 80,000 ആയി ഉയർത്തും
Sabarimala Virtual Queue To Be Increased : ശബരിമല ദർശനത്തിനുള്ള പ്രതിദിന വെർച്വൽ ക്യൂ ബുക്കിംഗ് 80,000 ആയി ഉയർത്തും. നിലവിൽ 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി പ്രതിദിനം ബുക്ക് ചെയ്യാനാവുക. ഇത് 10,000 കൂടി വർധിപ്പിക്കും.
ശബരിമലയിലെ വെർച്വൽ ക്യൂ വഴിയുള്ള പ്രതിദിന ബുക്കിംഗ് 80,000 ആയി ഉയർത്തും. ഇതിനായി ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നേരത്തെ വെർച്വൽ ക്യൂ വഴി 80,000 പേർക്ക് ഒരു ദിവസം ദർശനം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ ഇത് പാലിക്കാൻ സർക്കാരിന് സാധിച്ചില്ല. 70,000 പേർക്കാണ് ഇതുവരെ വിർച്വൽ ക്യൂ വഴി ദർശനം നൽകിവന്നത്. ഇത് സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് വിർച്വൽ ക്യൂ വർധിപ്പിക്കാൻ തീരുമാനമായത്.
ഓൺലൈൻ ബുക്കിംഗിലൂടെ 80,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കും ശബരിമലയിൽ ദർശനം അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഓൺലൈൻ ബുക്കിംഗിൽ കുറവ് വന്നാൽ സ്പോട്ട് ബുക്കിംഗിൽ അതനുസരിച്ച് എണ്ണം വർധിപ്പിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇത് രണ്ടും ഇതുവരെ നടന്നിരുന്നില്ല. നിലവിൽ ദിവസേന ആകെ 65,000 മുതൽ 75,000 വരെ ഭക്തർ സുഗമമായി ദർശനം നടത്തുന്നുണ്ട്. വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും ഉൾപ്പെടെയുള്ള കണക്കാണിത്. പന്ത്രണ്ട് വിളക്ക് കഴിഞ്ഞാൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം വർധിക്കാറുണ്ട്. അതുകൊണ്ട് തന്നെ വെർച്വൽ ക്യൂ ബുക്കിംഗ് ഉയർത്താമെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിൻ്റെ ഭാഗമായാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
വെർച്വൽ ക്യൂവിൽ ദർശനം ബുക്ക് ചെയ്തതിന് ശേഷം വരാതിരിക്കുന്നവരുടെ ശരാശരി എണ്ണം ദിവസേന 3000 മുതൽ 5000 വരെയാണ്. അതുകൊണ്ട് തന്നെ ഇവർക്ക് പകരം ബാക്കിയുള്ളവർക്ക് ദർശനം നടത്താൻ ദിവസേന 5000 പേർക്ക് വെയിറ്റിങ് ലിസ്റ്റ് സ്ലോട്ട് അനുവദിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.
കോടതിയിൽ നിന്ന് അനുമതി ലഭിച്ച ശേഷം പോലീസുമായി കൂടിയാലോചിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ ബുക്കിംഗ് ഉയർത്തും. ശക്തമായ തിരക്ക് അനുഭവപ്പെട്ടാൽ ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാനും സാധ്യതയുണ്ട്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നര വരെയും രാത്രി 11.30 വരെയും ദർശനം നീട്ടാനാണ് ആലോചന. നിലവിൽ ഉച്ചയ്ക്ക് ഒരു മണി വരെയും രാത്രി 11 മണി വരെയുമാണ് ദർശനം.
ഇതിനിടെ ശബരിമല തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ എൽഇഡി ബൾബുകൾ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. സന്നിധാനം, തീർത്ഥാടന പാത, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണം. ഇതിനായി തുടർച്ചയായ പരിശോധന നിർബന്ധമാണ് എന്നും കോടതി നിർദ്ദേശിച്ചു. ശുചീകരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. ലഹരി പരിശോധനയുമായി ബന്ധപ്പെട്ട് താത്കാലിക എക്‌സൈസ് ഓഫീസുകളും ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഫാസ്ടാഗ് കൗണ്ടറുകളില്ലാത്ത പാർക്കിങ് മേഖലകളിൽ ഒരാഴ്ചയ്ക്കകം ഈ സൗകര്യമൊരുക്കും. ഇടത്താവളങ്ങളിലെ സേവനങ്ങൾ അതത് ദേവസ്വങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചു.