Sabarimala Virtual Queue: മാലയിട്ട് വരുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല, ശബരിമലയിൽ ഇനി വെർച്വൽ ക്യൂ മാത്രം; തിരുവിതാംകൂർ ദേവസ്വം
Sabarimala to Take Virtual Queue Online Booking Only: ശബരിമലയിൽ ദർശന സമയം ഒരുക്കിയിരിക്കുന്നത് രാവിലെ 3 മണി മുതൽ 1 മണി വരെയും, ഉച്ചയ്ക്ക് 3 മണി മുതൽ 11 മണി വരെയുമാണ്. വിർച്വൽ ക്യൂ വഴി മാത്രമായിരിക്കും ബുക്കിങ്.
പത്തനംതിട്ട: മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ് പ്രശാന്ത്. ശബരിമലയിൽ ഈ സീസണിൽ വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് തീരുമാനമെന്നും, സർക്കാരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വിർച്വൽ ക്യൂ ഉള്ളപ്പോഴും സ്പോട്ട് ബുക്കിംഗ് കൂടുന്നതിന്റെ അടിസ്ഥനത്തിലാണ് തീരുമാനം.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായി. ദർശന സമയം ഒരുക്കിയിരിക്കുന്നത് രാവിലെ 3 മണി മുതൽ 1 മണി വരെയും, ഉച്ചയ്ക്ക് 3 മണി മുതൽ 11 മണി വരെയുമാണ്. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമായത് കൊണ്ടാണ് വിർച്വൽ ക്യൂ സംവിധാനം ഒരുക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
“മാലയിട്ട് വ്രതമെടുത്ത് ഭഗവാനെ കാണാനെത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല. ഇതിൽ സർക്കാരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനം സ്വീകരിക്കും. ഈ തീരുമാനം സർക്കാരിന്റേത് മാത്രമായിരിക്കില്ല, ദേവസ്വം ബോർഡ് കൂടെ ഉൾപ്പെട്ട അവലോകന യോഗത്തിലായിരിക്കും തീരുമാനം. വിർച്വൽ ക്യൂ എന്നത് ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ ആധികാരികമായ ഡാറ്റയാണ്. ആധാർ വെരിഫിക്കേഷൻ ഉൾപ്പടെ ചെയ്തതാണത് വരുന്നത്. എന്നാൽ, സ്പോട്ട് ബുക്കിംഗ് എന്നത് വെറും എൻട്രി പാസ് മാത്രമാണ്.
2021 മുതലാണ് വിർച്വൽ ക്യൂവിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. അത് നടപ്പാക്കിയത് പോലീസാണ്. തുടർന്ന് ഹൈക്കോടതി വിധി അനുസരിച്ച് ദേവസ്വം ബോർഡും അത് ഏറ്റെടുക്കുകയായിരുന്നു. 2022-2023 വർഷങ്ങളിൽ 3,95,634 സ്പോട്ട് ബുക്കിംഗ് മാത്രമാണ് നടന്നത്. എന്നാൽ, 2023-2024ലേക്ക് കടന്നപ്പോൾ അത് 4,85,063 എന്നായി ഉയർന്നു. വിർച്ച്വൽ ക്യൂ ഉള്ളപ്പോഴും സ്പോട്ട് ബുക്കിംഗ് ചെയ്യുന്നത് വർധിക്കുന്നു. അത് ആശ്വാസകരമായ ഒരു കാര്യമല്ല. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ കണക്കിലെടുത്താണ് വെർച്ച്വൽ ക്യൂ സംവിധാനം ഒരുക്കിയത്.
വരുമാനത്തെ കുറിച്ച് മാത്രമല്ലല്ലോ നമ്മൾ ചിന്തിക്കേണ്ടത്. ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയും പ്രധാനമാണ്. മറ്റ് ക്ഷേത്രങ്ങൾ പോലെയല്ല ശബരിമല. പമ്പ മുതൽ സന്നിധാനം വരെയുള്ള വഴിയിൽ നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. അത് സംബന്ധിച്ച് ആധികാരികമായ ഒരു രേഖ വേണമെന്നുള്ളത് കൊണ്ടാണ് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നത്. സ്പോട്ട് ബുക്കിംഗ് ഇനിയും തുടരുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിർച്വൽ ക്യൂ ബുക്ക് ചെയ്യാൻ തയ്യാറാകുമോ? ക്രൗഡ് മാനേജ്മെന്റും ഒരു വിഷയമാണ്. വിർച്വൽ ക്യൂ ബുക്ക് ചെയ്യുകയാണെങ്കിൽ എത്ര പേർ വരുമെന്നുള്ള കണക്ക് അറിയാൻ സാധിക്കും. അപ്പോൾ അതനുസരിച്ച് പ്രസാദവിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഒരുക്കാനാകും.” ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ് പ്രശാന്ത് പറഞ്ഞു.