5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ശബരിമലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് തീര്‍ത്ഥാടകന്‍ താഴേക്ക് ചാടി; വീഴ്ചയില്‍ പരിക്ക്, ആശുപത്രിയില്‍

Sabarimala Ayyappa devotee : പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൈക്കും കാലിനും പൊട്ടലേറ്റതായാണ് റിപ്പോര്‍ട്ട്.

Sabarimala : ശബരിമലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് തീര്‍ത്ഥാടകന്‍ താഴേക്ക് ചാടി; വീഴ്ചയില്‍ പരിക്ക്, ആശുപത്രിയില്‍
ശബരിമല, മേല്‍പ്പാലം (image credits : Getty, social media)
jayadevan-am
Jayadevan AM | Published: 16 Dec 2024 22:32 PM

ബരിമല സന്നിധാനത്തെ മേല്‍പ്പാലത്തുനിന്ന് തീര്‍ത്ഥാടകന്‍ താഴേക്ക് ചാടി. കര്‍ണാടക സ്വദേശിയായ കുമാരസ്വാമി(40)യാണ് താഴേക്ക് ചാടിയത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കൈക്കും കാലിനും പൊട്ടലേറ്റതായാണ് റിപ്പോര്‍ട്ട്.

മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് കുമാര സ്വാമി താഴേക്ക് ചാടിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന് സംശയിക്കുന്നുണ്ട്. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് എഡിഎം വ്യക്തമാക്കി. കുമാരസ്വാമി രണ്ട് ദിവസമായി സന്നിധാനത്ത് ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

വരുമാനം വര്‍ധിച്ചു

അതേസമയം, ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 163.89 കോടി രൂപയാണ് ഈ സീസണിലെ 29 ദിവസത്തെ വരുമാനം. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ ഇത് 141.13 കോടി രൂപയായിരുന്നു. 22 കോടിയിലേറെ രൂപയാണ് ഇത്തവണ വരുമാനത്തില്‍ വര്‍ധിച്ചത്. അരവണ വില്‍പനയില്‍ നിന്നാണ് കൂടുതല്‍ വരുമാനവും ലഭിക്കുന്നത്.

ഏകദേശം 80 കോടിയിലേറെ രൂപയുടെ അരവണ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാണിക്കയിലും എട്ട് കോടിയിലേറെ രൂപ അധികം ലഭിച്ചു. 22 ലക്ഷത്തിലേറെ ഭക്തരാണ് ഈ സീസണില്‍ 29 ദിവസം കൊണ്ട് മല കയറിയത്. കഴിഞ്ഞ വര്‍ഷം ഇത് 18 ലക്ഷത്തോളമായിരുന്നു.

നാല് ലക്ഷത്തിലേറെ ഭക്തരാണ് ഇത്തവണ അധികമെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്തരുടെ എണ്ണം വര്‍ധിച്ചിട്ടും പരാതികളിലാതെ എല്ലാവര്‍ക്കും ദര്‍ശനം നടത്താനായി എന്നത് ക്രമീകരണങ്ങളുടെ വിജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനായെന്നും, ഇത് വരുമാനവര്‍ധനവിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസ് വിജയകരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രശാന്ത് പ്രശംസിച്ചു.

Read Also : ശബരിമലയിൽ ഇതുവരെ 22.76 കോടിയുടെ വർധന, 150 കോടി കടന്ന് വരുമാനം

പരമ്പരാഗത കാനനപാത വഴി എത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വരി നില്‍ക്കാതെ ദര്‍ശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയത്. എരുമേലിയിലും പുല്ലുമേട്ടിലും ഭക്തര്‍ക്ക് പ്രത്യേക എന്‍ട്രി പാസ് നല്‍കും. ഈ തീര്‍ത്ഥാടന കാലത്ത് തന്നെ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. കാനന പാതവഴി വരുന്ന ഭക്തര്‍ക്ക് പ്രത്യേക ടാഗ് വനംവകുപ്പുമായി സഹകരിച്ച് നല്‍കും. കാനനപാതയിലൂടെ നടപ്പന്തലില്‍ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച ഭക്തര്‍ക്ക് പ്രത്യേക വരി സജ്ജീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് ഈ വരിയിലൂടെ ദര്‍ശനം നടത്താം.

കാലാവസ്ഥ തെളിഞ്ഞു

ശബരിമലയില്‍ നിലവില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. നാളെയും, മറ്റന്നാളും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തങ്കയങ്കി ഘോഷയാത്ര

തങ്കയങ്കി ഘോഷയാത്ര ഡിസംബര്‍ 22-ന് ആറന്മുളയില്‍ നിന്ന് രാവിലെ ആറിനു പുറപ്പെടും. 25-ന് വൈകീട്ട് അഞ്ചിന് സന്നിധാനത്ത് എത്തിച്ചേരും. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകീട്ട് 6.30-ന് നടക്കും. 23, 24 തീയതികളില്‍ പൊലീസും ദേവസ്വം ബോര്‍ഡ് ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന കര്‍പ്പൂരാഴി നടക്കും.