Sabari Rail : എന്നുവരും ഇനി എന്നുവരും; പ്രഖ്യാപിച്ചിട്ട് 25 വർഷം, കടലാസിൽ ഒതുങ്ങി ശബരി റെയിൽവേ പാത
Sabari Rail Project: ശബരി പദ്ധതിക്ക് കീഴിൽ 14 റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതുവരെ ട്രെയിൻ കടന്നുപോകാത്ത ഇടുക്കി അടക്കം മൂന്ന് ജില്ലകളിലൂടെയാണ് പാത.
തിരുവനന്തപുരം: കേന്ദ്രസർക്കാർ ശബരി റെയിൽ പ്രഖ്യാപിച്ചിട്ടും ട്രാക്കിലാകാതെ പദ്ധതി. അങ്കമാലി- എരുമേലി റൂട്ടിലാണ് 25 വർഷങ്ങൾക്ക് മുമ്പ് ശബരി റെയിൽ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കമാണ് പദ്ധതി കടലാസിൽ ഒതുങ്ങാൻ കാരണം. മലയോര മേഖലയുടെ റെയിൽ ഗതാഗതമെന്ന സ്വപ്നമാണ് ഇതോടെ അവസാനിച്ചത്.
ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരി റെയിൽ പദ്ധതി ആരംഭിച്ചത്. 1997-98 കാലഘട്ടത്തിലെ റെയിൽവേ ബജറ്റിലാണ് ശബരി റെയിൽ പ്രഖ്യാപിച്ചത്. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോ മീറ്ററാണ് പാതയുടെ നീളം. 530 കോടിയായിരുന്നു പദ്ധതിക്ക് വേണ്ടി റെയിൽവേ ബോർഡ് വകയിരുത്തിയത്. നിലവിലെ സാഹചര്യമനുസരിച്ച് പദ്ധതിക്ക് ഏകദേശം 3,810 കോടി ചെലവുവരും. ഇതിൽ 1,905 കോടി സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം.
ശബരി പദ്ധതിക്ക് കീഴിൽ 14 റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതുവരെ ട്രെയിൻ കടന്നുപോകാത്ത ഇടുക്കി അടക്കം മൂന്ന് ജില്ലകളിലൂടെയാണ് പാത. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിക്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് റെയിൽവേ സ്റ്റേഷനുകൾ. പദ്ധതി വിജയകരമാണെങ്കിൽ ഭാവിയിൽ വിഴിഞ്ഞത്തെക്കും നീട്ടാനുള്ള ആലോചന നടന്നിരുന്നു.
പദ്ധതി പ്രഖ്യാപിച്ചിട്ട് 25 വർഷം പിന്നിട്ടിട്ടും ഇതുവരെ നിർമ്മിച്ചത് കാലടിയിൽ ഒരു റെയിൽവേ സ്റ്റേഷനും 7 കിലോമീറ്റർ പെരിയാറിന് കുറുകെയൊരു പാലവുമാണ്. പാതയ്ക്കായി സ്ഥലം കണ്ടെത്തിയ സ്ഥലങ്ങളിൽ റെയിൽവേ സർവ്വേ കല്ലുകൾ ഇട്ടിട്ടുണ്ട്. ഇവിടംങ്ങളിൽ സ്ഥലം വിൽക്കാനോ കെട്ടിടം പൊളിച്ചുപണിയാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് കാലടിയിലെ റെയിൽവേ സ്റ്റേഷൻ.
പദ്ധതി ഇഴയാൻ കാരണം
ശബരി റെയിലിനോടുള്ള കേന്ദ്ര സർക്കാരിന്റെ താത്പര്യം നഷ്ടമായതാണ് പദ്ധതി പൂർത്തിയാകാതിരിക്കാൻ കാരണം. ശബരിമല തീർത്ഥാടനത്തിന് വേണ്ടി തുടങ്ങാനിരിക്കുന്ന ചെങ്ങന്നൂർ – പമ്പ പദ്ധതിയോടാണ് കേന്ദ്രസർക്കാരിന് കൂടുതൽ താത്പര്യം. പദ്ധതിയ്ക്ക് വേണ്ടിയുള്ള സംസ്ഥാന വിഹിതം നൽകുന്നതിലുള്ള കാലതാമസമാണ് മറ്റൊരു കാരണം. ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ അന്തിമ തീരുമാനം ഇതുവരെയും കേന്ദ്രത്തെ അറിയിച്ചിട്ടില്ല. അലയ്മെന്റ് തീരുമാനിക്കുന്ന സമയത്ത് പ്രാദേശിക രാഷ്ട്രീയ സമ്മർദ്ദങ്ങൾ നേരിട്ടു. പിന്നീട് പദ്ധതിക്ക് വേണ്ടി നാട്ടുകാർ മുറവിളി കൂട്ടിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്.