Viral News : പൂവൻകോഴിയുടെ കൂവൽ അസഹനീയം; അടൂരിൽ കോഴിക്കൂട് മാറ്റാൻ അർഡിഒയുടെ നിർദേശം
Pathanamthita Adoor Rooster Crowing Viral Incident : പുലർച്ചെ മുതൽ പൂവൻകോഴി കൂവുന്നുയെന്ന് അയൽവാസിയുടെ പരാതിയിന്മേലാണ് ആർഡിഒയുടെ ഉത്തരവ്. 14 ദിവസത്തിനുള്ളിൽ ഉത്തരവ് പാലിക്കണമെന്നും ആർഡിഒയുടെ ഉത്തരവിൽ പറയുന്നു.

പത്തനംതിട്ട : പൂലർച്ചെ മുതൽ പൂവൻകോഴി കൂവുന്നത് സ്വൈര്യ ജീവിതത്തിന് തടസമാണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. പത്തനംതിട്ട അടൂരിലാണ് അയൽവാസിയുടെ പരാതിയിൽ ആർഡിഒ കോഴിക്കൂട് മാറ്റാൻ നിർദേശം നൽകിയിരിക്കുന്നത്. അടൂർ പള്ളിക്കൽ സ്വദേശി രാധാകൃഷ്ണ കുറുപ്പാണ് പരാതിക്കാരൻ. രാധാകൃഷ്ണ കുറുപ്പിൻ്റെ അയൽവാസി അനിൽ കുമാറിൻ്റെ വീടിൻ്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂടിനെ ചൊല്ലിയുള്ള പരാതിയിന്മേലാണ് ആർഡിഒ ബി രാധാകൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.
അതിരാവിലെ മൂന്ന് മണി മുതൽ കോഴി കൂവാൻ തുടങ്ങുമെന്നും ഇത് തൻ്റെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണ കുറുപ്പ് ആർഡിഒയ്ക്ക് പരാതി നൽകിയത്. അനിൽ കുമാറിൻ്റെ വീടിന് മുകളിലാണ് കോഴിക്കൂട് സ്ഥാപിച്ചിരിക്കുന്നത്. താൻ പ്രായമായ വ്യക്തിയും രോഗിയുമാണ്, പൂലർച്ചെ മുതൽ കോഴി കൂവുന്നത് കൊണ്ട് തനിക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നില്ലയെന്നാണ് പരാതിക്കാരൻ പരാതയിൽ പറയുന്നത്.
തുടർന്ന് പരാതിക്കാരനെയും അയൽവാസിയെയും വിളിച്ചു വരുത്തി ഇരുകൂട്ടരേയും ഭാഗം ആർഡിഒ കേൾക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. തുടർന്ന് വീടിൻ്റെ മുകളിൽ നിന്നും കോഴിക്കൂട് മാറ്റാൻ ആർഡിഒ അനിൽ കുമാറിനോട് നിർദേശം നൽകുകയായിരുന്നു. അനിൽ കുമാറിൻ്റെ വീടിൻ്റെ കഴിക്ക് വശത്തേക്ക് കോഴിക്കൂട് മാറ്റാനാണ് ആർഡിഒയുടെ ഉത്തരവിൽ പറയുന്നത്. ഉത്തരവ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കോഴിക്കൂട് മാറ്റി സ്ഥാപിക്കണമെന്നാണ് ആർഡിഒയുടെ നിർദേശത്തിൽ പറയുന്നത്.