Rijith Murder Case : റിജിത്ത് വധക്കേസില്‍ വിധിയെത്തുന്നത് 19 വര്‍ഷത്തിന് ശേഷം; എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം
Rijith Shankaran Murder Case Verdict : കേസില്‍ 28 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 59 രേഖകളും 50 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, വധശ്രമം എന്നിവയിൽ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. ആയുധം കൈവശം വയ്ക്കൽ വകുപ്പു പ്രകാരം ആറു പേര്‍ പ്രതികളാണ്. അഞ്ച് ജഡ്ജിമാരാണ് കേസില്‍ ഇതുവരെ വാദം കേട്ടത്
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർക്കാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഡിഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ.ജോസാണു ശിക്ഷ വിധിച്ചത്. കേസില്‍ 10 പ്രതികളുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. പ്രതികളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി. രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി. അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി. അനിൽകുമാർ (51), പുതിയപുരയിൽ പി.പി. രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി. ശ്രീകാന്ത് (46), കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി. ശ്രീജിത്ത് (42), തെക്കേവീട്ടിൽ ടി.വി.ഭാസ്കരൻ (62) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇതില്‍ ശ്രീകാന്തും ശ്രീജിത്തുമാണ് സഹോദരങ്ങള്‍. കേസിലെ മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു.
അന്ന് നടന്നത്
കേസില്‍ 28 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 59 രേഖകളും 50 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, വധശ്രമം എന്നിവയിൽ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. ആയുധം കൈവശം വയ്ക്കൽ വകുപ്പു പ്രകാരം ആറു പേര്‍ പ്രതികളാണ്. അഞ്ച് ജഡ്ജിമാരാണ് കേസില്‍ ഇതുവരെ വാദം കേട്ടത്.
Read Also : നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹൈക്കോടതിയില്‍ സംഭവിച്ചത്
2005 ഒക്ടോബർ മൂന്നിനു രാത്രിയാണു സിപിഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്ന റിജിത്ത് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിരുടെ കൂടെ രാത്രിയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനടുത്തു കിണറിന്റെ പിന്നിൽ ഒളിച്ചിരുന്ന പ്രതികൾ റിജിത്തിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിമലിനെ വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നത് കണ്ട് തടയാനാണ് റിജിത്ത് വന്നത്. ഗുരുതരമായി റിജിത്തിന് പരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിന്റെ തലേന്ന് ആര്‍എസ്എസ് ശാഖ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം ഉടലെടുത്തിരുന്നു.