Lok Sabha Election 2024: 2009-ൽ ഒൻപത്, ഇന്ന് 63 കോടീശ്വരൻമാർ-സ്ഥാനാർഥികളിലെ സമ്പന്നർ ഇവർ
വെറും ഒൻപത് കോടിപതികളാണ് 2009-ൽ ഉണ്ടായിരുന്നതെങ്കിൽ അതിൻറെ ഏഴ് ഇരട്ടി സ്ഥാനാർഥികൾ ഇന്ന് കോടിപതികളാണ്
തിരുവനന്തപുരം: സംസ്ഥാനം ഇനി പോളിങ്ങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. കൊട്ടിക്കലാശം കഴിഞ്ഞതോടെ നിശബ്ദ പ്രചാരണത്തിൽ അവസാന വോട്ടും ഉറപ്പാക്കാൻ ശ്രമിക്കുകയാണ് എല്ലാ സ്ഥാനാർഥികളും.
സാധാരണക്കാരാണോ നമ്മുടെ സ്ഥാനാർഥികൾ? സാമ്പത്തികമായി ഇപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിൽ കാണാനാകും. ഒപ്പം തന്നെ കോടിക്കണക്കിന് രൂപയുടെ ആസ്തികളും ഇക്കൂട്ടത്തിലുണ്ട്. ആരൊക്കെയാണ് ആ കോടിപതികൾ? എത്രയാണ് ഇവരുടെ ആസ്തി? പരിശോധിക്കാം.
2009-ൽ കോടീശ്വരൻമാർ-9
ലോക്സഭാ തിരഞ്ഞെടുപ്പിലെ കോടീശ്വരൻമാരെ കണ്ടു തുടങ്ങുന്നത് 2009 മുതലാണ്. അന്ന് 9 സ്ഥാനാർഥികളായിരുന്നു കോടിപതികൾ. 2014-ൽ എത്തിയപ്പോൾ ഇത് 39 പേരായി. 2019-ൽ ആയപ്പോഴേക്കും കോടീശ്വരമാരായ സ്ഥാനാർഥികളുടെ എണ്ണം 45 ആയി (അസ്സോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ കണക്ക്)
കോടീശ്വരൻമാരിലെ കോടീശ്വരൻ
2009-ലെ തിരഞ്ഞെടുപ്പിലെ 9 സ്ഥാനാർഥികളിൽ നാലു പേരും കോൺഗ്രസ്സുകാരായിരുന്നു. രണ്ടു പേർ സ്വതന്ത്രരും, ഒരാൾ സിപിഎം സ്ഥാനാർഥിയുമായിരുന്നു. 2009-ലെ സ്ഥാനാർഥികളിൽ ശശി തരൂരിനായിരുന്നു ഏറ്റവും അധികം ആസ്തി. 21.2 കോടിയായിരുന്നു തരൂരിൻറെ ആസ്തി.
സ്വതന്ത്ര്യ കോടീശ്വരൻമാർ
39 കോടീശ്വരൻമാരായിരുന്നു 2014-ൽ എങ്കിൽ ഇതിൽ 11 പേരും സ്വതന്ത്രരായിരുന്നു. കോൺഗ്രസ്സ് സ്ഥാനാർഥികൾ ഏഴും നാല് ബിഎസ്പി സ്ഥാനാർഥികളും ലിസ്റ്റിൽ ഉൾപ്പെട്ടു. തരൂർ തന്നെയായിരുന്നു 2014-ലെയും വലിയ കോടീശ്വരൻ അന്ന് തരൂരിൻറെ ആസ്തി 23 കോടിയായിരുന്നു. ഏറണാകുളത്ത് നിന്നും മത്സരിച്ച ആംആദ്മി സ്ഥാനാർഥി അനിത പ്രതാപായിരുന്നു പട്ടികയിലെ രണ്ടാമത്തെ വലിയ കോടിപതി. 20 കോടിയായിരുന്നു അനിത പ്രതാപിൻറെ ആസ്തി.
വീണ്ടും തരൂർ
2019-ൽ മത്സരിച്ച 45 കോടീശ്വരൻമാരിൽ 35 കോടിയുടെ ആസ്തിയുമായി ശശിതരൂർ ഒന്നാം സ്ഥാനത്തും 30 കോടിയുമായി മലപ്പുറത്തു നിന്നും മത്സരിച്ച ഒഎസ് നിസാർ മേത്തർ രണ്ടാം സ്ഥാനത്തുമായിരുന്നു. വയനാട് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് 15.8 കോടിയുടെ സ്വത്തും, ബിജെപി സ്ഥാനാർഥി നടൻ സുരേഷ് ഗോപിക്ക് 10.1 കോടിയുമായിരുന്നു ആസ്തി. ചാലക്കുടിയിലെ അന്തരിച്ച നടൻ ഇന്നസെൻറിന് 6.7 കോടിയുമായിരുന്നു ആസ്തി. എൽഎഡിഎഫ് സ്ഥാനാർഥി പി.രാജീവായിരുന്നു സിപിഎമ്മിലെ കോടീശ്വരൻ -ആസ്തി 4.8 കോടി.
ഇപ്പോൾ 63 കോടീശ്വരൻമാർ
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്നത് 63 കോടീശ്വരമാരാണ്. സ്ഥാനാർഥികളുടെ ശരാശരി ആസ്തി 2.38 കോടിയാണ്. കോടീശ്വരൻമാരായ 13 വീതം സ്ഥാനാർഥികൾ കോൺഗ്രസ്സിനും ബിജെപിക്കും ഇത്തവണ കേരളത്തിലുണ്ട്. ഇത്തവണയും തരൂർ തന്നെയാണ് കോടീശ്വരൻമാരിലെ ഒന്നാം സ്ഥാനക്കാരൻ.
56 കോടിയിലധികം രൂപയുടെ ആസ്തിയാണ് ശരി തരൂരിന് 2024-ൽ ഉള്ളത്. തരൂർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.
10 സിപിഎം സ്ഥാനാർഥികളുടെ ആസ്തി 1 കോടിക്ക് മുകളിലാണ്. 14 സ്ഥാനാർഥികളുടെ വിവരങ്ങൾ വ്യക്തമായിട്ടില്ല. എന്തായാലും കോടീശ്വരൻമാരായ സ്ഥാനാർഥികൾക്ക് വോട്ടെത്ര കിട്ടും എന്നാണ് ഇനി അറിയേണ്ടത്.