5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Revenue Recovery Amend : ഇനി ജപ്തിയെ പേടിക്കേണ്ടി വരില്ല … നിയമം പൊളിച്ചെഴുതുന്ന കരടുബില്ലിന് അം​ഗീകാരം

Cabinet decides to amend Revenue Recovery Act: നിശ്ചിത കാലയളവിനുള്ളില്‍ ബാധ്യതതീർക്കാൻ തയ്യാറാകുന്ന പക്ഷം അത് ഉടമയ്ക്ക് തന്നെ തിരികെ ലഭിക്കും.

Revenue Recovery Amend : ഇനി ജപ്തിയെ പേടിക്കേണ്ടി വരില്ല … നിയമം പൊളിച്ചെഴുതുന്ന കരടുബില്ലിന് അം​ഗീകാരം
Cabinet decides to amend Revenue Recovery Act
aswathy-balachandran
Aswathy Balachandran | Updated On: 06 Jun 2024 12:44 PM

തിരുവനന്തപുരം: ജപ്തി എന്നത് ഏതൊരു വ്യക്തിക്കും പേടിയും നാണക്കേടും ഉണ്ടാക്കുന്ന പ്രധാന അഭിമാന പ്രശ്നമാണ്. ജപ്തിഭീതിയിൽ ആത്മഹത്യ ചെയ്തവരേയും വാർത്തകളിലൂടെ നാം കണ്ടിട്ടുണ്ട്. ഇതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് സർക്കാർ. ജപ്തി ഉൾപ്പെടെയുള്ള നടപടികളെപ്പറ്റി അനുശാസിക്കുന്ന റവന്യൂ റിക്കവറി നിയമം 1968 ഭേദ​ഗതി ചെയ്യുന്നത് സംബന്ധിച്ചുള്ള കരടുബില്ലിന് മന്ത്രിസഭ അം​ഗീകാരം നൽകിയതായി റിപ്പോർട്ട്.

നിലവിൽ ജപ്തി ചെയ്ത് ബാങ്കുകള്‍ ഏറ്റെടുക്കുന്ന വസ്‌തുക്കൾ ലേലം ചെയ്യുന്നതാണ് നടപടി. എന്നാൽ ഇനി അത് ഉണ്ടാകില്ല നിശ്ചിത കാലയളവിനുള്ളില്‍ ബാധ്യതതീർക്കാൻ തയ്യാറാകുന്ന പക്ഷം അത് ഉടമയ്ക്ക് തന്നെ തിരികെ ലഭിക്കും. അതിനായി അപേക്ഷ നല്‍കിയാല്‍ മതി. പുതിയ ഭേദ​ഗതിയിലൂടെ കേരള റവന്യു റിക്കവറി നിയമത്തിൽ പ്രധാനമായും വരുത്തിയ മാറ്റം ഇതാണ്.

കൂടാതെ ജപ്‌തി ഒഴിവാക്കാൻ വായ്‌പ തുക ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുവദിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നത് സംബന്ധിച്ചും ഭേദ​ഗതിയിൽ പറയുന്നുണ്ട്. റവന്യു മന്ത്രിക്ക് അഞ്ചുലക്ഷം രൂപവരെയും ധനമന്ത്രിക്ക് 10 ലക്ഷംവരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള ബാധ്യതകൾക്കുമേൽ ഉണ്ടാകുന്ന ജപ്‌തി നടപടി താത്‌കാലികമായി നിർത്തി വെക്കാൻ അധികാരം നല്‍കും.

ALSO READ: മാസം 500 മാറ്റി വെക്കാമോ? 4,12,321 രൂപ പോക്കറ്റിലാക്കാം

ഇപ്പോഴത്തെ രീതി അനുസരിച്ച് ജപ്തി ചെയ്ത വസ്തു ലേലത്തിൽ വക്കുകയാണ് പതിവ്. അത് വാങ്ങാൻ ആളില്ലെങ്കിൽ വളരെ കുറഞ്ഞ തുകയ്ക്ക് ആ ഭൂമി സർക്കാർ സ്വന്തമാക്കുന്നു. ഇത്തരത്തിൽ സർക്കാരിൽ എത്തിച്ചേരുന്ന ഭൂമി നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മാത്രമേ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയൂ എന്ന മാറ്റവും ഭേദ​ഗതിയിലൂടെ വരുത്തിയിട്ടുണ്ട്.

ഈ കാലയളവിനുള്ളില്‍ ബാധ്യതതീർത്ത് അപേക്ഷ നല്‍കിയാല്‍ ഉടമയ്ക്ക് വസ്‌തു തിരികെ ലഭിക്കും. ഇതിവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ നിലവില്‍ സർക്കാർ ഏറ്റെടുത്തിട്ടുള്ള ഭൂമിക്ക് 20 വർഷം കഴിഞ്ഞും അവകാശികള്‍ എത്തിയ ചരിത്രമുണ്ട്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം തലവേദനകളാണ്. അപേക്ഷ നല്‍കാൻ കാലപരിധി നിശ്ചയിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങളും സർക്കാരിന് ഒഴിവാക്കാനാകും.

വായ്‌പ തുക പത്ത് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. പല ബാങ്കുകളും ഇത് പാലിക്കുന്നുമുണ്ടായിരുന്നില്ല. ദേശസാത്‌കൃത, സ്വകാര്യ ബാങ്കുകളുടെ ജപ്‌തി നടപടിയില്‍ കുറച്ചുകാലമായി സർക്കാർ ഇടപെട്ടിരുന്നില്ല. ഇനി സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ ജപ്‌തി നടപടിയില്‍ സർക്കാരിന് ഇടപെടാനാകും എന്നതാണ് മറ്റൊരു സവിശേഷത.

വായ്‌പ എടുത്തയാള്‍ക്ക് ആശ്വാസം നല്‍കാൻ നിയമഭേദഗതി വഴി കഴിയും. എന്നാൽ സർഫാസി നിയമപ്രകാരമുള്ള ജപ്‌തിയില്‍ ഇടപെടാനാവില്ല എന്നതും ശ്രദ്ധിക്കണം. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിൻ്റെ വിൽപന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുക തുടുങ്ങിയവയും കരടിൽ ഉൾപ്പെടുന്ന മറ്റ് മാറ്റങ്ങളാണ്.