RS Virus : സംസ്ഥാനത്ത് ആർഎസ് വൈറസ് ബാധ; അങ്കമാലിയിൽ അഞ്ച് കുട്ടികൾ ആശുപത്രിയിൽ
RS Virus Infection In Kerala : അങ്കമാലിയിലെ ശിശുഭവനിലെ അഞ്ച് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചി : കുഞ്ഞു കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ അണുബാധയായ ആർഎസ് വൈറസ് ബാധ (RS Virus) കേരളത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ശിശുവികസന വകുപ്പിൻ്റെ കീഴിലുള്ള എറണാകുളം അങ്കമാലിയിലെ ശിശുഭവനിലെ അഞ്ച് കുട്ടികൾക്കാണ് ആർ എസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് മാസം പ്രായമുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രണ്ടാഴ്ചത്തോളമായി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എല്ലാ ശിശുഭവനുകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിട്ടുണ്ട്. അതേസമയം രോഗബാധയുണ്ടാകാൻ ഇടയായ കാരണമെന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിട്ടില്ല.
എന്താണ് ആർഎസ് വൈറസ് ബാധ?
റെസ്പിറേറ്ററി സിൻസേഷ്യൽ വൈറസ് (Respiratory Syncytial Virus) എന്നാണ് ആർഎസ് വൈറസിൻ്റെ പൂർണനാമം. ജലദോഷം പനിക്ക് സമാനമായ രോഗലക്ഷ്ണങ്ങളോട് ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് ആർഎസ് വൈറസ് ബാധ. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, പനി, ശ്വാസമുട്ടൽ തുടങ്ങിയവാണ് ഈ വൈറസ് ബാധയുടെ രോഗലക്ഷ്ണങ്ങൾ. പ്രധാനമായും 18 മാസം വരെ പ്രായമുള്ള കുഞ്ഞുകുട്ടികളാണ് ഈ രോഗബാധ കാണപ്പെടാറുള്ളത്. ചില കുട്ടികളിൽ ന്യുമോണിയയ്ക്ക് സമാനമായ രോഗലക്ഷ്ണങ്ങളും ഉണ്ടാകാറുണ്ട്.
ALSO READ : Amoebic Meningoencephalitis: ഗുരുതര അനാസ്ഥ; ജലാശയവുമായി ബന്ധമില്ലാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം
കുട്ടികൾക്ക് പുറമെ പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഹൃദയം, ശ്വാസകോശം സംബന്ധമായ അസുഖമുള്ളവരിലും ആർ എസ് വൈറസ് ബാധ ഉണ്ടായേക്കാം. പൊതുവെ ചുടുകാലം കഴിഞ്ഞ് തണുപ്പിലേക്ക് കാലാവസ്ഥ മാറുമ്പോഴാണ് രോഗബാധയുണ്ടാകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചുംബനം നൽകുമ്പോഴും പുറത്തേക്ക് വരുന്ന സ്രവത്തിലൂടെയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പടരുക.
രോഗം ബാധിച്ചതിന് ശേഷം ഒന്ന് മുതൽ രണ്ടാഴ്ച ശേഷം ഭേദമാകും. കുട്ടികൾക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഗർഭിണിയായിരിക്കുമ്പോൾ മാതാവിന് ആർഎസ് വൈറസനെതിരെയുള്ള വൈക്സിൻ നൽകാറുള്ളതാണ്. മുതിർന്നവർക്കും വാക്സിൻ ലഭിക്കും.