Breast Cancer Tumour: ചെലവ് വെറും 2000 രൂപ; സ്തനാർബുദ രോഗികളിലെ മുഴകൾ കണ്ടെത്താൻ പുതിയ സാങ്കേതിക വിദ്യ
Clip and Blue Placement: അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി പ്രസിദ്ധീകരിച്ച ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ക്ലിപ്പ് ആൻഡ് ബ്ലൂ പ്ലേസ്‌മെൻ്റ്' എന്ന പേരിലാണ് ഈ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇതിൽ നൽകിയിരിക്കുന്നത്. ട്യൂമറുകൾ കൃത്യമായി അടയാളപ്പെടുത്തി അവ നീക്കം ചെയ്യുന്നതിനാണ് സാങ്കേതിക വിദ്യ സഹായകമാക്കുന്നത്.
കീമോതെറാപ്പിക്ക് ശേഷം സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന മുഴകൾ കൃത്യമായി തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും പുതിയ സാങ്കേതിക വിദ്യയുമായി എറണാകുളം രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്‌ടർമാർ. സാധാരണകാർക്കും താങ്ങാവുന്ന ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ചെലവ് കുറഞ്ഞ രീതിയിലൂടെ കീമോതെറാപ്പിക്ക് ശേഷം ശേഷിക്കുന്ന ട്യൂമറുകൾ കൃത്യമായി തിരിച്ചറിയുകയും നീക്കം ചെയ്യുകയും ചെയ്യാൻ സാധിക്കും.
അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി പ്രസിദ്ധീകരിച്ച ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ക്ലിപ്പ് ആൻഡ് ബ്ലൂ പ്ലേസ്‌മെൻ്റ്’ എന്ന പേരിലാണ് ഈ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇതിൽ നൽകിയിരിക്കുന്നത്. ട്യൂമറുകൾ കൃത്യമായി അടയാളപ്പെടുത്തി അവ നീക്കം ചെയ്യുന്നതിനാണ് സാങ്കേതിക വിദ്യ സഹായകമാക്കുന്നത്. മുമ്പ് ഇത്തരത്തിൽ മുഴകൾ കണ്ടെത്തുന്നതിന് 30,000 രൂപ വരെ ചെലവായിരുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള കണ്ടെത്തലിന് 2,000 രൂപയാണ് ഈടാക്കുന്നത്. അതിനാൽ തന്നെ ഏതൊരു സാധരണകാരനും ഈ രീതി ഉപയോഗപ്രതമാകും.
കീമോതെറപ്പിക്കു മുമ്പ് ട്യൂമറിനുള്ളിൽ ഒരു ക്ലിപ് ഇടുന്നു. കീമോതെറപ്പി കഴിയുമ്പോൾ ട്യൂമർ ചുരുങ്ങി ക്ലിപ്പിനോടു ചേരുകയും ശസ്ത്രക്രിയ സമയത്ത് അൾട്രാ സൗണ്ടിന്റെ സഹായത്തോടെ നീല നിറത്തിലുള്ള മെഥലിൻ ക്ലിപ്പിനു ചുറ്റും കുത്തിവയ്ക്കുകയും ചെയ്യുന്നു. ഇതുവഴി അവശേഷിക്കുന്ന ട്യൂമർ ഭാഗം വ്യക്തമായി കണ്ടെത്തി നീക്കം ചെയ്യാൻ സാധിക്കുന്നു. ട്യൂമർ ചുരുങ്ങുമെന്നതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷവും സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടില്ലെന്നും ഡോക്ടർമാർ ഉറപ്പ് നൽകുന്നു.
ട്യൂമർ തിരിച്ചറിയുന്നതിനായി ഇപ്പോഴുള്ള മാർക്കിങ് രീതികൾക്ക് 15,000– 30,000 രൂപയാണ് ചെലവ് വരുന്നത്. പുതിയ രീതിയിൽ ഇത് 2000 രൂപയായി കുറയും. ഓങ്കോളജി സർജന്മാരായ ഡോ. ടി എസ് സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വത്തിലാണു പുതിയ രീതി വികസിപ്പിച്ചെടുത്തത്. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്, ഡോ. അരുൺ ഫിലിപ്പ്, ഡോ. അശ്വിൻ ജോയ്, പതോളജി വിഭാഗം മേധാവി ഡോ. ലത ഏബ്രഹാം എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.