5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SP Sujith Das IPS: സുജിത് ദാസ് ഐപിഎസ് ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്; അജിത് കുമാറിന് സര്‍ക്കാരിന്റെ സപ്പോര്‍ട്ട്‌

Kerala Government Report: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഇതുവരെ തയാറായിട്ടില്ല. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം താനാണ് പുറത്തുവിട്ടതെന്ന് പിവി അന്‍വര്‍ സമ്മതിച്ചിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

SP Sujith Das IPS: സുജിത് ദാസ് ഐപിഎസ് ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്; അജിത് കുമാറിന് സര്‍ക്കാരിന്റെ സപ്പോര്‍ട്ട്‌
Sujith Das IPS and MR Ajith Kumar IPS (Facebook Image)
shiji-mk
Shiji M K | Published: 02 Sep 2024 08:03 AM

തിരുവനന്തപുരം: സുജിത് ദാസ് ഐപിഎസ് ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീത ബീഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിവി അന്‍വര്‍ എംഎല്‍എയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുജിത് ദാസിന്റെ പ്രവൃത്തി പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി. കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ എംഎല്‍എയുടെ നീക്കത്തിന് പ്രേരിപ്പിച്ചതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഇതുവരെ തയാറായിട്ടില്ല. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം താനാണ് പുറത്തുവിട്ടതെന്ന് പിവി അന്‍വര്‍ സമ്മതിച്ചിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പിവി അന്‍വറിന്റെ പ്രവൃത്തിയില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അന്‍വര്‍ അത് അനുസരിച്ചിരുന്നില്ല. എസ്പി ഓഫീസിന് മുന്നില്‍ സമരം നടത്തിയതും ഓഡിയോ പുറത്തുവിട്ടതും പിവി അന്‍വറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പോലീസിനെ നിയന്ത്രിക്കുന്ന ശശിയോട് ഇക്കാര്യങ്ങളെല്ലാം പലവട്ടം പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞിരുന്നു.

Also Read: Simi Rosebell: കോൺഗ്രസിലും ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ടെന്ന് ആരോപണം; സിമി റോസ്‌ബെലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

അജിത് കുമാറിന്റെ പ്രവൃത്തികളില്‍ പി ശശിക്ക് പങ്കുണ്ടെന്ന തരത്തിലാണ് പിവി അന്‍വര്‍ സംസാരിച്ചത്. കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരിക്കെ പെരുമാറ്റദൂഷ്യത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശിയെ പിണറായി വിജയന്റെ പ്രത്യേക താത്പര്യത്തോടെയാണ് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തും കൊണ്ടുവന്നത്. പക്ഷെ എന്താണ് പി ശശിയും പിവി അന്‍വറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമല്ല.

എന്നാല്‍ എഡിജിപി പദവിയില്‍ എംആര്‍ അജിത്കുമാര്‍ വന്ന നാള്‍ മുതല്‍ പോലീസില്‍ ചേരിതിരിവ് പ്രകടമായിരുന്നു. തന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങിയതോടെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എഡിജിപിക്കെതിരെ നേരിട്ട് നടപടിയെടുത്തിരുന്നു. എന്നാല്‍ എഡിജിപിയുടെ പങ്ക് പല കാര്യങ്ങളിലും വേണ്ടിവന്നതോടെ ഡിജിപി ശ്രമം ഉപേക്ഷിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് എഡിജിപി നിയോഗിച്ചിരുന്നത് മറ്റ് ഉദ്യോഗസ്ഥരെയായിരുന്നു. എന്നാല്‍ ഈ നടപടി തിരുത്തി അജിത് കുമാറിനെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട രഹസ്യം ചോര്‍ന്നുവെന്നാരോപിച്ച് ഐജി പി വിജയനെ സസ്‌പെന്റ് ചെയ്യാന്‍ കാരണമായത് അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടായിരുന്നു. ഇതിനെതിരെ പോലീസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അപ്പോഴും എഡിജിപ്പിക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്.

അജിത് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇന്റലിജന്‍സ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതും വിവാദമായിരുന്നു. നിലവില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങളില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടത്. ഡിജിപ്പ് പോലും മറുപടി നല്‍കാനാകില്ല.

അതേസമയം, അജിത്കുമാര്‍ തന്റെ ബന്ധുക്കള്‍ മുഖേന സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ടെന്നായിരുന്നു സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ പിവി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നാണ് എസ്പി സുജിത് ദാസ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയുടെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പോലീസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പോലീസില്‍ സര്‍വശക്തനായിരുന്ന ഐജി പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എഡിജിപിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍യോട് ഫോണ്‍ സംഭാഷണത്തിനിടെ സുജിത് ദാസ് പറയുന്നുണ്ട്.

Also Read: M R Ajithkumar: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി

പാര്‍ട്ടിയോടും പാര്‍ട്ടിയുടെ എംഎല്‍എമാരോടും നല്ല രീതിയില്‍ പെരുമാറിയിട്ട് പോയ ഒരാളാണ് താന്‍. തനിക്ക് ഒരു സഹായം ചെയ്യണം. താനൊരു ചെറുപ്പക്കാരനാണ്, താനവിടെ ജോലി ചെയ്യുന്ന സമയത്ത് തനിക്ക് 31 വയസേ ഒള്ളൂ, 55 അല്ലെങ്കില്‍ 56 വയസ് അയാള് ചെയ്യുമ്പോള്‍ അയാള്‍ക്ക് ഓടിയെത്താന്‍ കഴിയുന്നില്ല. താന്‍ ചെയ്തത് തെറ്റാണെന്ന് തന്റെ താഴെയുള്ള സഹപ്രവര്‍ത്തകരോട് എല്ലാവരോടും പറഞ്ഞ് നടക്കുകയാണ്. തന്റെ കൂടെ ജോലി ചെയ്തിരുന്ന എല്ലാ സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും എസ്പി എംഎല്‍എയോട് പറഞ്ഞിരുന്നു.