MT Vasudevan Nair : എം.ടി വാസുദേവൻ നായർ അന്തരിച്ചു
MT Vasudevan Nair Death: നിരവധി ശാരീരിക ബുദ്ധിമുട്ടുകളുമായി അദ്ദേഹത്തെ ഡിസംബർ 15-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇക്കഴിഞ്ഞ പിറന്നാളിനും ശ്വാസതടസ്സവുമായി അദ്ദേഹം ആശുപത്രിയിലായിരുന്നു
കോഴിക്കോട്: മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ (മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ) (91) അന്തരിച്ചു. ശ്വാസ തടസ്സമടക്കം നിരവധി ശാരീരിക ബുദ്ധിമുട്ടുകളുമായി അദ്ദേഹത്തെ ഡിസംബർ 15-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി 1933 ജൂലൈയിൽ പാലക്കാടിന് അടുത്ത് കൂടല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. മലമൽക്കാവ് എൽപി സ്കൂളിലും, കുമരനല്ലൂർ ഹൈസ്കൂളിലുംമായാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്ക് ചേർന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം അദ്ദേഹം വിവിധ സ്കൂളുകളിൽ അധ്യാപകനായി ജോലിക്ക് ചേർന്നു.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ എംടി സാഹിത്യരചന ആരംഭിച്ചിരുന്നു. അക്കാലത്ത് ജയകേരളം മാസികയിൽ അദ്ദേഹത്തിൻ്റെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്ടോറിയ കോളേജിലെ ബിരുദ പഠന കാലത്ത് രക്തം പുരണ്ട മണൽത്തരികൾ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എംടിയുടെ വളർത്തു മൃഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇതാണ് സാഹിത്യത്തിൽ അദ്ദേഹത്തിന് വളരെ അധികം ശ്രദ്ധ നേടിക്കൊടുത്തത്. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ പാതിരാവും പകൽവെളിച്ചവുമാണെങ്കിലും പുസ്തക രൂപത്തിൽ അച്ചടിച്ച അദ്ദേഹത്തിൻ്റെ നോവൽ നാലുകെട്ടാണ്. മുറപ്പെണ്ണ് എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി തിരക്കഥ എഴുതുന്നത്. സാഹിത്യത്തോടുള്ള അദ്ദേഹത്തിൻ്റെ താത്പര്യം കൂടിയാവണം എംടിയെ മാതൃഭൂമിയിൽ എത്തിച്ചത്. ദീർഘകാലം മാതൃഭൂമിയുടെ പീരിയോഡിക്കൽസ് വിഭാഗം പത്രാധിപരായിരുന്നു അദ്ദേഹം.
നിർമ്മാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശിയ അവാർഡും, ഒാളവും തീരവും, ബന്ധനം, ഒാപ്പോൾ, ആരൂഢം, വളർത്തുമൃഗങ്ങൾ, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, അമൃതം ഗമയ, പെരുന്തച്ചൻ, സുകൃതം, ഒരു ചെറു പുഞ്ചിരി, തീർത്ഥാടനം എന്നിവക്ക് സംസ്ഥാന പുരസ്കരവും ലഭിച്ചു. മലയാള സിനിമക്ക് നൽകിയ സംഭാവനകൾക്ക് പ്രേംനസീർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴത്തിന് വയലാർ അവാർഡ് ലഭിച്ചിട്ടുണ്ട്, നാല് കെട്ട്, സ്വർഗം തുറക്കുന്ന സമയം, എന്നീ നോവലുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും, വാനപ്രസ്ഥത്തിന് ഒാടക്കുഴൽ അവാർഡും ലഭിച്ചിട്ടുണ്ട്. കാലം എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
1996-ൽ ജ്ഞാനപീഢവും, 2005-ൽ പദ്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2011-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ്, കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗം, 1998-ൽ ഇന്ത്യൻ പനോരമ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ: മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരണാസി, ഇരുട്ടിൻ്റെ ആത്മാവ്, ഓളവും തീരവും, കുട്ടേട്ടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, നിൻ്റെ ഓർമക്ക്, കണ്ണാന്തളിപ്പൂക്കളുടെ കാലം, ഷെർലക്ക്, കളിവീട്, കാഥികൻ്റെ പണിപ്പുര, ഡാർ എസ്.സലാം, നഷ്ടപ്പെട്ട ദിനങ്ങൾ, എൻ്റെ പ്രിയപ്പെട്ട കഥകൾ
ബാലസാഹിത്യം: മാണിക്യക്കല്ല്, തന്ത്രക്കാരി, ദയ എന്ന പെൺകുട്ടി
യാത്രാവിവരണം: ആൾക്കൂട്ടത്തിൽ തനിയെ
ലേഖനങ്ങൾ: കാഥികൻ്റെ കഥ, കാഥികൻ്റെ പണിപ്പുര, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം
തിരക്കഥകൾ: പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, വടക്കൻ വീരഹഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറു പുഞ്ചിരി, നീലത്താമര, പഴശ്ശിരാജ