Dr. George P. Abraham: സംസ്ഥാനത്ത് ഏറ്റവുമധികം കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍; വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
Dr. George P. Abraham Passes Away: സംസ്ഥാനത്ത് എൻഡോറോളജിക്കൽ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതും ഇദ്ദേഹമായിരുന്നു. 8500-ലധികം പിസിഎൻഎൽ കേസുകളും 12000ലധികം യുആര്‍എസ് കേസുകളും 12000ത്തിലധികം ടിയുആര്‍പി കേസുകളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. 8000ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ നടപടിക്രമങ്ങൾ നടത്തി

കൊച്ചി: പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാം മരിച്ച നിലയില്‍. തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം സഹോദരനൊപ്പമാണ് തുരുത്തിക്കരയിലെ ഫാം ഹൗസിലെത്തിയത്. പിന്നീട് സഹോദരനെ പറഞ്ഞയച്ചു. തുടര്‍ന്നാണ് സംഭവം നടന്നതെന്ന് കരുതുന്നു.
ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിലെ സീനിയര്‍ സര്‍ജനാണ് ജോര്‍ജ് പി. എബ്രഹാം. വൃക്കരോഗചികിത്സയില്‍ പ്രശസ്തനാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടറാണ് ഇദ്ദേഹം. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
2500-ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. സങ്കീർണ്ണമായ യൂറോളജിക്കൽ ഡിസോർഡേഴ്സിന്റെ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു ഇദ്ദേഹം. എൻഡോറോളജിക്കൽ നടപടിക്രമങ്ങളിൽ 32 വർഷത്തെ അനുഭവസമ്പത്തിന് ഉടമയാണ്.




ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് ലാപ്രോസ്കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ധനും കൂടിയാണ് ജോര്‍ജ് പി. എബ്രഹാം. കേരളത്തിലെ ആദ്യത്തെ കഡാവർ ട്രാൻസ്പ്ലാൻറ്, പിസിഎൻഎൽ, ലാപ് ഡോണർ നെഫ്രെക്ടമി 3ഡി ലാപ്രോസ്കോപ്പി അദ്ദേഹം നടത്തി.
കേരളത്തിൽ എൻഡോറോളജിക്കൽ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതും ഇദ്ദേഹമായിരുന്നു. 8500-ലധികം പിസിഎൻഎൽ കേസുകളും 12000-ലധികം യുആര്‍എസ് കേസുകളും 12000-ത്തിലധികം ടിയുആര്‍പി കേസുകളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. 8000-ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ നടപടിക്രമങ്ങൾ നടത്തി.
Read Also : Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ 13 വർഷത്തിലേറെ പരിചയമുള്ള ജോര്‍ജ് പി. എബ്രഹാം 9000-ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രത്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ് ടൈം ഹെൽത്ത് അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ 3ഡി ലാപ്രോസ്കോപ്പിക് യൂറോളജി വർക്ക്ഷോപ്പ് നടത്തിയതും ഇദ്ദേഹമാണ്. 5 രാജ്യാന്തര വർക്ക്‌ഷോപ്പുകൾ നടത്തി. കരിയറിൽ ഉടനീളം അക്കാദമിക് രംഗത്ത് സജീവമായി ഇടപെട്ടിരുന്നു. മൂന്ന് വര്‍ഷത്തോളം പിജി അധ്യാപകനായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 2552056)