Karuvanthala Ganapathy: കരുവന്തല ഗണപതിക്ക് സംഭവിച്ചത് എന്ത്? ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ ദിനം
Karuvanthala Ganapathy Death: ആനയുടെ മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും അവ്യക്തതയുണ്ട്, യൂറിനറി ഇൻഫെക്ഷൻ എന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്

തൃശ്ശൂർ: ആനപ്രേമികളെ സങ്കടത്തിലാഴ്ത്തി കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു. ഏകദേശം 25 വയസ്സാണ് ആനയുടെ പ്രായം. ആനയുടെ മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മൂത്രാശയ അണുബാധയുണ്ടായിരുന്നതിൽ കൊടുത്ത മരുന്നിൻ്റെ റിയാക്ഷനാണ് ജീവനെടുത്തതെന്ന് ഒരു വിഭാഗവും എന്നാൽ ഇതല്ല ആന കുറച്ചു ദിവസങ്ങളായി ക്ഷീണിതനായിരുന്നെന്നും, ഡീ ഹ്രൈഡേഷൻ അടക്കം ഉണ്ടായിരുന്നെന്നും മറ്റൊരു വിഭാഗവും പറയുന്നു. നിലവിൽ തൃശ്ശൂർ കരുവന്തല ഭഗവതി ക്ഷേത്രമാണ് ആനയുടെ നടത്തിപ്പുകാർ.
.തൃശ്ശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയതായിരുന്നു എന്ന് പറയപ്പെടുന്നു. ആനപ്രേമികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ആന ചെരിഞ്ഞതിന് പിന്നിൽ രൂക്ഷമായ വിമർശനവും ഉന്നയിക്കുന്നുണ്ട്. ആനക്ക് മർദ്ദനമേറ്റതായി സൂചനയുണ്ടെന്നാണ് ആനപ്രേമികളുന്നയിക്കുന്ന ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. പ്രായം വളരെ കുറവുള്ള ആനയായതിനാൽ തന്നെ നിരവധി ഉത്സവങ്ങളിലും ആന സജീവമായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.