Digital RC Book: ആര്‍സി ബുക്ക് ആധാറില്‍ കൊടുത്ത നമ്പരുമായി ബന്ധിപ്പിക്കണം; പുതിയ നിര്‍ദേശം
RC Book Should Be Linked With Mobile Number: ആധാറില്‍ നല്‍കിയിരിക്കുന്ന നമ്പറുമായി ആര്‍സി ബന്ധിപ്പിച്ചാല്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സാധ്യമാകൂവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. 2025 മാര്‍ച്ച് ഒന്ന് മുതല്‍ കേരളത്തില്‍ ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സി എച്ച് നാഗരാജു
തിരുവനന്തപുരം: എല്ലാ വാഹന ഉടമകളും ആര്‍സി ബുക്ക് ആധാറില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ഉടമയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധാറില്‍ നല്‍കിയിരിക്കുന്ന നമ്പറുമായി ആര്‍സി ബന്ധിപ്പിച്ചാല്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സാധ്യമാകൂവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. 2025 മാര്‍ച്ച് ഒന്ന് മുതല്‍ കേരളത്തില്‍ ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ആര്‍സി ബുക്കുകള്‍ പ്രിന്റ് ചെയ്‌തെടുക്കുന്നതിന് പകരമായാണ് ഡിജിറ്റല്‍ ആര്‍സികള്‍ നല്‍കുന്നത്. വാഹനം വാങ്ങിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണെന്നും സിഎച്ച് നാഗരാജു പറഞ്ഞു.



അതേസമയം, ആര്‍സി ബുക്കുകള്‍ ഡിജിറ്റലാക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും അത്തരത്തില്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നടപടികള്‍ ആരംഭിച്ചിരുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും ഡിജിറ്റലൈസ് ചെയ്യാന്‍ തീരുമാനിച്ചതായി എംവിഡി പറഞ്ഞിരുന്നു.
അതിനാല്‍ തന്നെ ബാങ്കുകള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ പോര്‍ട്ടലായ പരിവാഹനുമായി ബന്ധിപ്പിക്കണം. പരിവാഹന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ മാര്‍ച്ച് ഒന്നാം തീയതി മുതല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷന്‍ നടക്കുകയുള്ളൂവെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.