Ration Shop Owners Strike: റേഷൻ കടയിൽ പോയാൽ ഇനി വെറും കയ്യോടെ തിരികെവരാം; അനിശ്ചിതകാല സമരം ഇന്ന് മുതൽ
Ration Shop Owners Strike Distribution Halted: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടർന്ന് റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് മുതലാണ് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.
സംസ്ഥാനത്ത് റേഷൻ കട വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ ആരംഭിക്കും. വേതന പാക്കേജ് പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ പിന്മാറില്ലെന്ന് റേഷൻ വ്യാപാരി സംഘടന നിലപാടെടുത്തിരിക്കുകയാണ്. പതിനായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ന് മുതൽ സ്തംഭിയ്ക്കും.
നേരത്തെ, റേഷൻ വ്യാപാരി സംഘടനാനേതാക്കളുമായി മന്ത്രി ജിആർ അനിൽ ചർച്ചനടത്തിയിരുന്നു. പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട മന്ത്രി വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാമെന്ന് അറിയിച്ചിരുന്നു. വേതന വർധനവ് സംബന്ധിച്ച് മൂന്നംഗസമിതി റിപ്പോർട്ട് സമർപ്പിച്ചു എന്നും ഈ റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ വേതന പാക്കേജ് പരിഷ്കരിക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. റേഷൻ വ്യാപാരി സംഘടനാ നേതാക്കളായ ജി സ്റ്റീഫൻ എംഎൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് നടന്നത്. എന്നാൽ, മുഖ്യമന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാമെന്നാണ് വ്യാപാരികളുടെ നിലപാട്. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിലെത്തിച്ചാലും സ്വീകരിക്കില്ലെന്നും വ്യാപാരികൾ പറഞ്ഞു. എന്നാൽ, ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാരിൻ്റെ മുന്നറിയിപ്പ്.
ഇപ്പോൾ നൽകുന്ന ശമ്പളമായ 18,000 രൂപ കുറവാണെന്നും 30,000 രൂപയായി ഉയർത്തണമെന്നുമാണ് റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം. ധനമന്ത്രി അഞ്ച് മിനിട്ട് പോലും ചർച്ചയിൽ പങ്കെടുത്തില്ല എന്നും വ്യാപാരികൾ ആരോപിച്ചിരുന്നു. നേരത്തെ, റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരും സമരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഈ മാസം ഭൂരിഭാഗം റേഷൻ കടകളിലും ഇതുവരെ സ്റ്റോക്ക് എത്തിയിട്ടില്ല.
Also Read: Ration Distribution: പുതുവത്സരത്തിൽ കഞ്ഞികുടി മുട്ടില്ല; ഡിസംബറിലെ റേഷൻ വിതരണം നീട്ടി
ജനുവരി മാസത്തെ റേഷന്‍ വിഹിതം ഇങ്ങനെ:
അന്ത്യോദയ അന്ന യോജന എഎവൈ കാര്‍ഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഒപ്പം രണ്ട് പാക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ഈ കാർഡുടമകൾക്ക് ലഭിക്കും. മുന്‍ഗണന വിഭാഗംപിഎച്ച്എച്ച് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി വാങ്ങാം. അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൽ നിന്ന് മൂന്ന് കിലോ കുറച്ച് അതിന് പകരം മൂന്ന് പാക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും വാങ്ങാവുന്നതാണ്. പൊതുവിഭാഗം എന്‍പിഎസ് കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിയ്ക്കും. കിലോയ്ക്ക് നാല് രൂപയാണ് നിരക്ക്. കൂടാതെ എന്‍പിഎസ് അധിക വിഹിതമായി 1.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. പൊതുവിഭാഗം എന്‍പിഎന്‍എസ് കാര്‍ഡുടമകൾക്ക് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും പൊതുവിഭാഗം എന്‍പിഐ കാര്‍ഡ് ഉടമകൾക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭ്യമാവും