Ration Shop Strike: കഞ്ഞി കുടി മുട്ടും! സംസ്‌ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ സമരം
Ration Shop Strike From Monday Onwards: റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി വ്യാപാരികൾ മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ (ജനുവരി 27) കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി വ്യാപാരികൾ മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ശമ്പള പാക്കേജ് പരിഷ്കരിക്കാൻ ആവശ്യം സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. ഇപ്പോൾ നൽകുന്ന 18,000 രൂപ 30,000 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെന്നും വേതന പാക്കേജ് പരിഷ്കരിക്കാൻ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രിമാർ സംഘടനാ നേതാക്കളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്നില്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഇതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.
Also Read: പത്തനാപുരത്ത് കാട്ടുപന്നിയും പുലിയും തമ്മിൽ ഏറ്റുമുട്ടി; നാട്ടുകാരെ കണ്ടതോടെ ആക്രമണം ആളുകൾക്ക് നേരെ
അതേസമയം ധമന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തിലെന്ന് റേഷൻ വ്യാപാരികൾ കുറ്റപെടുത്തി. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരവും നേരത്തെ നടന്നിരുന്നു. ഇതോടെ ഈ മാസം ഭൂരിഭാഗം കടകളിലും സ്‌റ്റോക്ക് എത്തിയിരുന്നില്ല. ഇതിനിടയിലാണ് അനിശ്ചിത കാല സമരത്തിലേക്ക് കട ഉടമകൾ കടക്കുന്നത്. റേഷൻ വ്യാപാരി സംഘടനാ നേതാക്കളായ ജി സ്റ്റീഫൻ എംഎൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.