Ration Distribution: റേഷന്‍ വാങ്ങുന്നവരുടെ സഞ്ചി പരിശോധിക്കണം; പ്രതിഷേധവുമായി വ്യാപാരികള്‍
Kerala Ration Distribution: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന് ശേഷം എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടോയെന്ന് ഡെപ്യൂട്ടി കണ്‍ട്രോള്‍ ഓഫ് റേഷനിങ് ഉറപ്പുവരുത്തണം. വിജിലന്‍സ് ആവശ്യപ്പെട്ടതിനാലാണ് പുതിയ നിര്‍ദേശമെന്നും കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൊച്ചി: റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്നവരുടെ സഞ്ചി പരിശോധിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ നീക്കത്തിനെതിരെ റേഷന്‍ വ്യാപാരികള്‍. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നവരുടെ സഞ്ചി പരിശോധിക്കണമെന്നും വീടുകളിലെത്തി റേഷന്‍ സാധനങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.
റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി പുറത്തുവരുന്നവരുടെ ബില്ലിലെ കണക്ക് പ്രകാരമുള്ള അളവും തൂക്കവും കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താണ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. താലൂക്ക്, സപ്ലൈ ഓഫീസര്‍, റേഷനിങ് ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഒരു മാസത്തില്‍ കുറഞ്ഞത് അഞ്ച് കടകളിലെങ്കിലും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന് ശേഷം എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടോയെന്ന് ഡെപ്യൂട്ടി കണ്‍ട്രോള്‍ ഓഫ് റേഷനിങ് ഉറപ്പുവരുത്തണം. വിജിലന്‍സ് ആവശ്യപ്പെട്ടതിനാലാണ് പുതിയ നിര്‍ദേശമെന്നും കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയതായാണ് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. റേഷന്‍ സാധനങ്ങള്‍ എല്ലാ മാസവും കൃത്യമായി വാങ്ങുന്ന കാര്‍ഡുടമകള്‍ ഇതുവരെയായി അളവിലോ തൂക്കത്തിലോ പരാതി ഉന്നയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ പുറത്തിറക്കിയ നിര്‍ദേശം അനാവശ്യമാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും വ്യാപാരികള്‍ പറഞ്ഞതായി ദീപികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്ന പഞ്ചസാരയും മണ്ണെണ്ണയും നിര്‍ത്തലാക്കിയതില്‍ പൊതുജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഭക്ഷ്യവകുപ്പ് പ്രതികരിക്കുന്നില്ല. വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യാതെ തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാന്‍ സാധിക്കില്ല. കാര്‍ഡ് ഉടമകള്‍ പരസ്പരം റേഷന്‍ സാധനങ്ങള്‍ കൈമാറുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കില്ലെന്നും വ്യാപാരി സംഘടനകള്‍ വ്യക്തമാക്കി.
കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ വന്‍ അഴിമതിയും കരിഞ്ചന്തയുമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതം ഇല്ലാതാക്കാനുമുള്ള ഗൂഢനീക്കമാണ് ഉത്തരവിന് പിന്നിലുള്ളതെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.