Ration Card: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം; ഇന്ന് മുതൽ അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 10
Ration Card ഇതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്ന് മുതൽ അപേക്ഷിക്കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11 മണി മുതൽ നൽകാവുന്നതാണ്. അപേക്ഷകൾ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
ഇതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. അതേസമയം, അനധികൃത റേഷൻ കാർഡ് കൈവശം വെക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തൃതിയുള്ള വീട് – അംഗങ്ങൾക്ക് എല്ലാംകൂടി ഒരേക്കറിൽ അധികം ഭൂമി – ഏതെങ്കിലും അംഗത്തിന്റെ പേരിൽ നാല്ചക്ര വാഹനം – എല്ലാ അംഗങ്ങൾക്കും കൂടി 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം – ഇതിൽ ഏതിലെങ്കിലും ഉൾപ്പെടുന്നവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല. അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
അതേസമയം ആലപ്പുഴ ജില്ലയിൽ മഞ്ഞ, പിങ്ക് റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്. റേഷൻ കാർഡ് മസ്റ്ററിങ്ങിന് (ration card mustering) നിരവധി അവസരം നൽകിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് നടപിടിയിലേക്ക് കടക്കാൻ കാരണമെന്നാണ് വിവരം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് മുടങ്ങിയവർക്ക് മൊബൈൽ ആപ്പുവഴി പൂർത്തിയാക്കാൻ അവസരമൊരുക്കിയിരുന്നു. അതിനാൽ, സമയപരിധി ഇനി നീട്ടി നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്. നവംബർ 30-ന് സമയപരിധി തീരാനിരിക്കെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.
ഇതിനു പുറമെ റേഷൻ കാർഡുകളിലെ പിഴവുകൾ തിരുത്താൻ റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നു. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം.റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.