Mollywood Drug Case: ‘നല്ല കുട്ടി’യായാല്‍ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിയമ പരിരക്ഷ; വേടന്‍ കുടുങ്ങും?
Vedan, Shine Tom Chacko and Sreenath Bhasi Ganja Case: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൂന്നു പേരെയും ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചില്ല

കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ്) മാലയിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പുലിപ്പല്ല് കേസില്‍ വേടന്‍ കുടുങ്ങുമെന്ന് ഉറപ്പായി. സംഭവത്തില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കാം. മലേഷ്യന്‍ പ്രവാസിയായ രഞ്ജിത്താണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്റെ മൊഴി. തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ഇത് ലഭിച്ചതെന്നും വേടന്‍ മൊഴി നല്‍കി.
അഞ്ച് വയസ് പ്രായമുള്ള പുലിയുടെ പല്ലാണ് ഇതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കോടനാട് റേഞ്ച് ഓഫീസിലേക്ക് വേടനെ കൊണ്ടുപോയിരുന്നു. കഞ്ചാവിന്റെ അളവ് ചെറുതായിരുന്നതിനാലാണ് ജാമ്യം ലഭിച്ചത്. വേടനൊപ്പം പിടിയിലായ എട്ടുപേരെയും ജാമ്യത്തില്‍ വിട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍.
കേസില്‍ ഗൂഢാലോചനയില്ലെന്നും, തന്നെ ആരും കുടുക്കിയതല്ലെന്നുമായിരുന്നു വേടന്റെ പ്രതികരണം. കൂടുതല്‍ കാര്യങ്ങള്‍ വന്നിട്ട് പ്രതികരിക്കാമെന്നും വേടന്‍ പറഞ്ഞു.




ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൂന്നു പേരെയും ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചില്ല.
അതേസമയം, ലഹരി ഉപയോഗിക്കാറുണ്ടെന്നും, അതില്‍ നിന്ന് മുക്തി തേടാനുള്ള ശ്രമത്തിലാണെന്നും ശ്രീനാഥ് ഭാസി എക്‌സൈസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഷൈനും കുടുംബവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എക്‌സൈസിന്റെ മേല്‍നോട്ടത്തില്‍ ഷൈനിന്റെ ചികിത്സ നടത്തും.
ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ശ്രീനാഥ് ഭാസിയും എക്‌സൈസിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ടുണ്ട്. എക്‌സൈസിന്റെ നിര്‍ദ്ദേശം പാലിച്ച് ലഹരിയില്‍ നിന്ന് വിമുക്തി നേടാനുള്ള ചികിത്സ തേടിയാല്‍ ഇവര്‍ക്ക് നിയമ പരിരക്ഷ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read More: Vedan Ganja Case: കഞ്ചാവ് കേസിൽ ജാമ്യം കിട്ടും; മാലയിൽ പുലിപ്പല്ലാണെങ്കിൽ ജാമ്യമില്ല: നിയമമറിയാം
ജിന്റോ ഇന്ന് ഹാജരാകും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും. പ്രതി തസ്ലീമ സുൽത്താനുമായുള്ള ഇടപാടില്‍ വ്യക്തത തേടാനാണ് ജിന്റോയെ ചോദ്യം ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ വിജയിയാണ് ജിന്റോ.