Rajeev Chandrasekhar: ‘മലയാളം സംസാരിക്കാനുമറിയാം മലയാളത്തിൽ തെറി പറയാനുമറിയാം’; വി ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar Response to Allegations by Opposition Leader: താൻ തൃശൂരിൽ ജനിച്ചുവളർന്നയാളാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ താൻ രാജ്യം മുഴുവൻ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരൻ എം കെ ചന്ദ്രശേഖരന്റെ മകനാണെന്നും കൂട്ടിച്ചേർത്തു.

കണ്ണൂർ: മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താൻ തൃശൂരിൽ ജനിച്ചു വളർന്നയാളാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ രാജ്യം മുഴുവൻ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരൻ എം കെ ചന്ദ്രശേഖരന്റെ മകനാണ് താനെന്നും കൂട്ടിച്ചേർത്തു.
ലൂസിഫറിലെ ശ്രദ്ധേയമായ ഡയലോഗും അദ്ദേഹം പരാമർശിച്ചു. “അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കിൽ മുണ്ട് കുത്തിവയ്ക്കാനും അറിയും. മലയാളം സംസാരിക്കാനുമറിയും. മലയാളത്തിൽ തെറി പറയാനുമറിയും” എന്ന് രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. കണ്ണൂരിൽ വെച്ച് നടന്ന വികസിത കേരള കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോൺഗ്രസ് നേതാവ് തനിക്ക് കേരളാ രാഷ്ട്രീയവും മലയാളവും അറിയില്ലെന്നും അതുകൊണ്ട് തങ്ങൾ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും പറഞ്ഞിരുന്നു. അത് ശരിയാണ് കാരണം കഴിഞ്ഞ 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും തനിക്കറിയില്ല. അത് കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ്. തനിക്കറിയാവുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. ജനങ്ങളെ സേവിക്കാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് തനിക്കറിയാവുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളാ രാഷ്ട്രീയമറിയില്ലെന്ന് കോൺഗ്രസുകാർ പറയുമ്പോൾ അത് ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാൻ തനിക്ക് ആഗ്രഹവുമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: രാമചന്ദ്രന് വിടചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
കഴിഞ്ഞ ദിവസം, രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താൻ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താന് ഇന്ത്യ മറുപടി കൊടുക്കുന്നതിൽ വി ഡി സതീശന് എന്താണ് ഇത്രമാത്രം പ്രശ്നമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനായിരുന്നു വി ഡി സതീശന്റെ മറുപടി.