5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajeev Chandrasekhar: കേരളത്തില്‍ രാജീവം വിടര്‍ത്താന്‍ രാജീവ് ചന്ദ്രശേഖര്‍; ബിപിഎല്ലില്‍ നിന്ന് ബിജെപിയുടെ തലപ്പത്തേക്കുള്ള നാള്‍വഴികളിലൂടെ

Rajeev Chandrasekhar Kerala BJP President: സുരേന്ദ്രന്റെ പിന്‍ഗാമിയായി പല പേരുകളും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരും പല തവണ അഭ്യൂഹങ്ങളില്‍ പ്രചരിച്ചു. സംസ്ഥാന നേതൃത്വത്തിലെ ആരെ തലപ്പത്തെത്തിച്ചാലും പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന പടലപ്പിണക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് രാജീവിനെ അമരത്ത് നിയോഗിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചത്

Rajeev Chandrasekhar: കേരളത്തില്‍ രാജീവം വിടര്‍ത്താന്‍ രാജീവ് ചന്ദ്രശേഖര്‍; ബിപിഎല്ലില്‍ നിന്ന് ബിജെപിയുടെ തലപ്പത്തേക്കുള്ള നാള്‍വഴികളിലൂടെ
ബിജെപി കേരള പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നു Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Mar 2025 19:29 PM

റെ പ്രതീക്ഷകളോടെയായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നത്. വര്‍ഷങ്ങളായി ശശി തരൂര്‍ തേരോട്ടം നടത്തുന്ന മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറിനും അത്ഭുതങ്ങളൊന്നും പുറത്തെടുക്കാനായില്ല. പക്ഷേ, അനായാസമായിരുന്നില്ല മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം. പലതവണ രാജീവ് വിറപ്പിച്ചു. ഒടുവില്‍ തീരദേശ കേന്ദ്രങ്ങളിലെയടക്കം വോട്ടുകളിലൂടെ തരൂര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അന്നത്തെ പരാജയത്തിന് ശേഷം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു രാജീവിന്റെ തീരുമാനം. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉടന്‍ തന്നെ പാര്‍ട്ടി ഇടപെടലില്‍ ആ കുറിപ്പ് പിന്‍വലിച്ചു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന ബിജെപിയുടെ തലപ്പത്താണ് രാജീവിന്റെ സ്ഥാനം. തീര്‍ത്തും അപ്രതീക്ഷിതമായി.

കെ. സുരേന്ദ്രന്റെ പിന്‍ഗാമിയായി പല പേരുകളും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരും പല തവണ അഭ്യൂഹങ്ങളില്‍ പ്രചരിച്ചു. സംസ്ഥാന നേതൃത്വത്തിലെ ആരെ തലപ്പത്തെത്തിച്ചാലും പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന പടലപ്പിണക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് രാജീവിനെ അമരത്ത് നിയോഗിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചത്. രാജീവിന്റെ വരവിലൂടെ യുവാക്കളെയടക്കം പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വലിയ ദൗത്യമാണ് രാജീവിന് മുന്നിലുള്ളത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നില്‍.

ബിപിഎല്ലില്‍ നിന്ന് ബിജെപിയിലേക്ക്‌

മലയാളിദമ്പതികളുടെ മകനായി 1964ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ജനനം. പിതാവ് എം.കെ. ചന്ദ്രശേഖര്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. വല്ലി ചന്ദ്രശേഖറായിരുന്നു മാതാവ്. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ് രാജീവ്. സ്‌കൂള്‍ വിദ്യാഭ്യാസവും തൃശൂരിലായിരുന്നു. തുടര്‍ന്ന് തുടര്‍പഠനത്തിനായി ബെംഗളൂരുവിലെത്തി.

Read Also : Rajeev Chandrasekhar: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പൂര്‍ത്തിയാക്കി. ഷിക്കാഗോ ഇലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നായിരുന്നു കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദം. പൈലറ്റാകാന്‍ ആഗ്രഹിച്ച രാജീവിന് ബിസിനസ് മേഖലയില്‍ എത്താനായിരുന്നു നിയോഗം. ഹാർ‌വഡ് ബിസിനസ് സ്കൂളിലെ അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമിന് ശേഷമാണ് ബിസിനസ് മേഖലയില്‍ ഒരു കൈവച്ചത്. ആ തീരുമാനം തെറ്റിയില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

1994ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചത് വഴിത്തിരിവായി. 2005ല്‍ ടെക്‌നോളജി, മീഡിയ തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങളുള്ള ജൂപിറ്റല്‍ ക്യാപിറ്റല്‍ എന്ന സംരഭം തുടങ്ങി. ബിപിഎല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ 64 ശതമാനം ഓഹരി വിറ്റതും ആ വര്‍ഷമായിരുന്നു. എസാര്‍ ഗ്രൂപ്പിന് എണ്ണായിരത്തിലേറെ കോടി രൂപയ്ക്കാണ് ഓഹരി വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയത്തിലേക്ക്‌

രാഷ്ട്രീയപ്രവര്‍ത്തനം രാജീവ് ചന്ദ്രശേഖറിന് ഒരു ലക്ഷ്യമായിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ ‘രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടോ’ എന്ന് ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ ചോദിക്കുന്നതുവരെ. ആ ചോദ്യം രാജീവിന്റെ മനസിലുടക്കി. ദേവഗൗഡയാണ് രാജീവിനെ രാഷ്ട്രീയത്തിലെത്തിച്ചത്.

അങ്ങനെ 2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രണ്ട് തവണ സ്വതന്ത്ര രാജ്യസഭാംഗമായി. തുടര്‍ന്ന് ബിജെപിയിലെത്തി. 2016ല്‍ എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനായി. 2018ല്‍ മൂന്നാമതും രാജ്യസഭയിലെത്തി. അന്ന് ബിജെപി പ്രതിനിധിയായിരുന്നുവെന്ന വ്യത്യാസം മാത്രം. 2021ല്‍ കേന്ദ്രമന്ത്രിസഭയിലുമെത്തി. രണ്ടാം മോദി മന്ത്രിസഭയില്‍ ഐടി, നൈപുണ്യവികസനവകുപ്പ് മന്ത്രിയായിരുന്നു.