5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം

അടുത്ത രണ്ടു ദിവസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം
Kerala Rain Alert
neethu-vijayan
Neethu Vijayan | Published: 16 Apr 2024 12:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം, കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം, കാലവർഷം ഇത്തവണ പതിവിലും നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ ഇന്നും നാളെയും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.

സാധാരണയായി മൺസൂൺ ജൂൺ ഒന്നിന് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയുമാണ് പതിവ്. ഈ വർഷം മൺസൂൺ ദീർഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു. ഇപ്പോൾ എൽനിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മെയ് പകുതി വരെ നിലനിൽക്കും. തുടർന്ന് എൽനിനോ ദുർബലമാകുകയും ലാ നിന ശക്തമാകുകയും ചെയ്യുമെന്നാണ് പ്രവചനം. ലാ നിനാ പ്രതിഭാസം യാഥാർത്ഥ്യമായാൽ കാലവർഷക്കാലത്ത് പതിവിൽ കൂടുതൽ മഴ പെയ്യും. 2024 ൽ സാധാരണ മൺസൂണിനെക്കാൾ കൂടുതൽ മഴയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങൾ ഉണ്ടായിരുന്നു.