Rain Alert in Kerala: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
പാലക്കാട് ഉയര്‍ന്ന താപനില 39 വരെയും ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തിയായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇന്നും താപനില ഉയരുമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളിലും താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
വയനാട്, ഇടുക്കി ജില്ലകളില്‍ ഒഴികെ സാധരാണയുള്ളതിനേക്കാള് 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട് ഉയര്‍ന്ന താപനില 39 വരെയും ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രി താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ് 9ന് തീയതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റമില്ല. 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ജാഗ്രതാ മുന്നറിയിപ്പ് ഇങ്ങനെ
1. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാത്രം മാറി താമസിക്കണം.
2. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഇവ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് സഹായിക്കും.
3. ബീച്ചിലേക്കുള്ള യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും പൂര്‍ണമായും ഒഴിവാക്കുക. അധികൃതര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
4. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
5. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും അല്ലെങ്കില്‍ മറ്റ് ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യബന്ധനം നടത്തരുത്.
6. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കും വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പോകരുത്.