Railway Station Renaming : നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് മാറുന്നു; പുതിയ പേരുകൾ ഇങ്ങനെ
Railway Station Renaming Nemom and Kochuveli : നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.
തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത് എന്നുമാകും അറിയപ്പെടുക.
രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ രണ്ട് സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നീക്കങ്ങൾ സജീവമാകും. സംസ്ഥാനത്തിൻ്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇത്.2023 ലാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ചതോടെ പല സർവീസുകളും കൊച്ചുവേളി കേന്ദ്രീകരിച്ചാക്കിയിരുന്നു. ഏതാണ്ട് 15ഓളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാരാണ് കൊച്ചുവേളിയെ ആശ്രയിക്കുന്നത്.
Also Read : Kollam New Born Baby Death : നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസ്; അമ്മയ്ക്ക് 10 വർഷം തടവ്
ദീർഘദൂര ട്രെയിനുകളാണ് കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നത്. എന്നാൽ, കേരളത്തിന് പുറത്തുള്ളവർക്ക് കൊച്ചുവേളി എന്ന പേര് പരിചിതമായിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് ലഭിക്കാത്തതിനാൽ ആളുകൾ യാത്ര വേണ്ടെന്ന് വെക്കുന്ന സാഹചര്യമുണ്ടായിരുന്നു. പേര് മാറ്റത്തോടെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൂട്ടൽ.