Rahul Mamkoottathil: ഈ കന്നി എംഎല്‍എ ഇനി പാലക്കാടിന്റെ ശബ്ദം; സമരവീഥികളില്‍ നിന്ന് അങ്കത്തട്ടിലേക്ക്
Palakkad By Election Result 2024: ഷാഫി പറമ്പില്‍ രണ്ട് തവണ വിജയം കുറിച്ച മണ്ഡലമാണ് ഇത്തവണ രാഹുലിലേക്ക് എത്തിയിരിക്കുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായ ഇ ശ്രീധരന് വന്‍ മുന്നേറ്റമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. വിജയിക്കുന്നതിന് മുമ്പേ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ ഓഫീസ് തുറന്നിരുന്നു.
കന്നി എംഎല്‍എയായി നിയമസഭയിലേക്ക് എത്തുകയാണ് പാലക്കാടിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ യുഡിഎഫ് സമരമുഖങ്ങളില്‍ സാധാരണക്കാരുടെ ശബ്ദമാകാന്‍ എന്നും രാഹുലിന് സാധിച്ചിട്ടുണ്ട്. കന്നി മത്സരത്തിന് ഇറങ്ങുന്ന രാഹുലില്‍ പാലക്കാട്ടെ ജനത ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു എന്നത് തന്നെയാണ് ഈ വിജയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായാണ് രാഹുലിനെ പാലക്കാട്ടെ ജനങ്ങള്‍ കണ്ടത്.
രാഹുല്‍ മാങ്കൂട്ടത്തില്‍
പരേതനായ രാജേന്ദ്ര കുറുപ്പിന്റെയും ബീന കുറിപ്പിന്റെയും മകനായി 1989 നവംബര്‍ 12നാണ് ജനനം. ഇരട്ട ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ നിലവില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും പിന്നീട് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലുമായാണ് വിദ്യാഭ്യാസം.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമാകുന്നത്. കെ എസ് യുവിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് രാഹുല്‍. പിന്നീട് 2007-08 വര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2008ല്‍ കെ എസ് യു അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, 2009 മുതല്‍ 2017 വരെ കെ എസ് യു പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി, 2017ല്‍ കെ എസ് യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ രാഹുല്‍ അലങ്കരിച്ചിട്ടുണ്ട്.
പിന്നീടാണ് രാഹുല്‍ കെ എസ് യുവിന്റെ സംസ്ഥാന നേതൃനിരയിലേക്കെത്തുന്നത്. 2017-18 കാലഘട്ടത്തില്‍ കെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ 2018 മുതല്‍ 2021 വരെ എന്‍ എസ് യു (ഐ) യുടെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് 2021ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃ നിരയിലേക്കെത്തി. 2023 വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് രാഹുല്‍.
പാലക്കാട് ഷാഫിയില്‍ നിന്ന് രാഹുലിലേക്ക്
ഷാഫി പറമ്പില്‍ രണ്ട് തവണ വിജയം കുറിച്ച മണ്ഡലമാണ് ഇത്തവണ രാഹുലിലേക്ക് എത്തിയിരിക്കുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായ ഇ ശ്രീധരന് വന്‍ മുന്നേറ്റമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. വിജയിക്കുന്നതിന് മുമ്പേ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ ഓഫീസ് തുറന്നിരുന്നു.
ഫലം പുറത്തുവന്നപ്പോള്‍ 3,850 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. എന്നാല്‍ പിന്നീട് വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ പാലക്കാട് വീണ്ടും തിരഞ്ഞെടുപ്പെത്തി. ഷാഫിയെ വടകരയില്‍ മത്സരിപ്പിച്ചത് ബിജെപിക്ക് പാലക്കാട് വിജയിക്കാനുള്ള അവസരമൊരുക്കി കൊടുക്കലാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പാലക്കാടെ വിജയം ഷാഫിക്കും രാഹുലിനും യുഡിഎഫിനും ഒരുപോലെ പ്രാധാന്യമുള്ള ഒന്നായിരുന്നു.
1956ലെ മണ്ഡല രൂപീകരണം മുതല്‍ ഭൂരിഭാഗം തിരഞ്ഞടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന പാലക്കാട് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. എന്നാല്‍ ഇത്തവണ ബിജെപിയുടെ ഉരുക്കുകോട്ടകളെല്ലാം പിടിച്ചെടുത്തുകൊണ്ടാണ് രാഹുല്‍ മുന്നേറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണെങ്കിലും നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ വിജയം കൈവരിക്കാമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നുവെങ്കിലും പി സരിന്‍ തുണച്ചില്ല.