PV Anwar: ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’; പി വി അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്

CPM Flex Board: മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും എതിരെ വിമർശന മുന്നയിച്ച പിവി അൻവറിന്റെ വീടിന് സമീപത്താണ് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഫ്ലക്സ് ബോർഡുകൾ. സിപിഎം ഒതായി ബ്രാഞ്ചാണ് അൻവറിന്‌‍റെ എടവണ്ണയിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

PV Anwar: വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്; പി വി അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്

Credits: PV anwar facebook page

Published: 

27 Sep 2024 06:46 AM

മലപ്പുറം: ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പോരിനിറങ്ങിയ പിവി അൻവറിനെതിരെ സിപിഎം. നിലമ്പൂരിലെ പിവി അൻവറിന്റെ എടവണ്ണ വീടിന് മുന്നിൽ സിപിഎം സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട എന്നാണ് സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്ളക്സിലുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രങ്ങളുള്ള ഫ്ളക്സാണിത്. അതേസമയം, തുവൂരിൽ അൻവറിനെ അനുകൂലിച്ചും ഫ്ലക്സ് ബോർഡ് ഉയർന്നു. പിവി അൻവർ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്ന പേരിലുള്ള ഫ്ലക്സ് കെ കരുണാകരൻ ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റിയാണ് സ്ഥാപിച്ചിരി​ക്കുന്നത്.

സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് അൻവറിന്റെ വാർത്താ സമ്മേളനമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ​ദാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ ഉയർത്തിയ വിമർശമനങ്ങൾക്ക് അതേ നാണയത്തിലാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും മറുപടി നൽകിയിരിക്കുന്നത്. ഒരു ജനപ്രതിനിധിക്ക് ഇണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ പിവി അൻവർ നടത്തുന്നത്. കള്ളക്കടത്തും ഹവാല ഇടപാടുകളും ശക്തമാക്കാനാണ് അൻവറിന്റെ ശ്രമമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രസ്താവനയുടെ പൂർണരൂപം

”മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താസമ്മേളനം. അൻവർ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അൻവർ.

സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താനകൾ സഹായിക്കുന്നത്‌. കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയിൽ ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത രീതിയിലാണ്‌ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്‌. വേദിയിൽ നിന്ന് ഇറങ്ങിവന്ന്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളിൽ കണ്ടതാണ്‌. ജനപ്രതിനിധിക്ക്‌ നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്.

ഇടതുമുന്നണി എംഎൽഎയ്‌ക്ക്‌ ഒട്ടും അനുയോജ്യമല്ലാത്തതാണ്‌ ഇത്തരം നിലപാടുകൾ. ഇത്തരം പ്രവൃത്തികൾ തിരുത്തണമെന്ന്‌ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികൾക്ക്‌ സഹായകരമായ പരസ്യപ്രസ്‌താവന ഉണ്ടാകില്ലെന്ന്‌ ജില്ലാ നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരസ്യപ്രസ്‌താവനകൾ വ്യക്തമാക്കുന്നത്‌. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക്‌ അൻവർ തരംതാണു. ഇത്തരം പ്രസ്‌താവനകളും പ്രവൃത്തികളും ആവർത്തിക്കുന്ന രീതി തിരുത്താൻ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പ്രസ്‌താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാൻ പാർടി പ്രവർത്തകർ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു” എന്ന് പറഞ്ഞാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന അവസാനിക്കുന്നത്.

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി