PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
PV Anwar Resignation: തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതിന് പിന്നാലെയാണ് നിലമ്പൂർ എംഎൽഎ തൻ്റെ നിയമസഭ അംഗത്വം രാജി വെച്ചത്. കഴിഞ്ഞ 11-ന് തന്നെ സ്പീക്കർക്ക് രാജി മെയിലിൽ അയച്ചിരുന്നു
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. നിലവിൽ നിലമ്പൂർ എംഎൽഎ ആണ് അദ്ദേഹം. സ്പീക്കർ എൻ ഷംസീറിന് അദ്ദേഹം രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യതയുണ്ടാവാനുള്ള സാധ്യത മുൻ നിർത്തിയാണ് പിവി അൻവറിൻ്റെ രാജിയെന്ന് ചില റിപ്പോർട്ടുകളുണ്ട്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിയുള്ളപ്പോഴാണ് രാജി.
2016-ലാണ് ഇടതു പക്ഷത്തിൻ്റെ പിന്തുണയിൽ അൻവർ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2019-ൽ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. 2021-ൽ വീണ്ടും നിലമ്പൂരിൽ നിന്നും എംഎൽഎ ആയും തിരഞ്ഞെടുത്തു. കഴിഞ്ഞ 11-ന് തന്നെ സ്പീക്കർക്ക് രാജി മെയിലിൽ അയച്ചിരുന്നു. നേരിട്ട് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രാജി തന്നെ വേണമെന്നുള്ളതിനാലാണ് നേരിട്ട് രാജിവെച്ചതെന്ന് അദ്ദേഹം പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എൽഡിഎഫുമായി കലഹം
കേരാളാ പോലീസും പിവി അൻവറും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തന്നെ സാക്ഷ്യം വഹിച്ചത്. മലപ്പുറം എസ്പിയുമായുണ്ടായ തർക്കമാണ് എല്ലാത്തിനും തുടക്കം, പിന്നീട് മലപ്പുറം മുൻ എസ്പി സുജിത് ദാസിൻ്റെ ഫോൺ സന്ദേശം അൻവർ തന്നെ പുറത്തുവിട്ടു. തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെതിരെയും അദ്ദേഹ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്തിലും, പൂരം കലക്കലിനും എഡിജിപിക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.