PV Anwar: അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനല്‍ തന്നെ, മാമി തിരോധാനത്തില്‍ നിര്‍ണായക പങ്ക്: പിവി അന്‍വര്‍
MR Ajith Kumar: മാമി ഈ ഭൂമിയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടാതാണോ ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ സാധിക്കില്ല. നാടും സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലുമൊരു കോണില്‍ നിന്ന് സൂചനയെങ്കിലും നമുക്ക് ലഭിക്കുമല്ലോ.
കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നെട്ടോറിയസ് ക്രമിനലാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അന്‍വര്‍ ആരോപിച്ചു. റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദി എന്ന മാമിയുടെ തിരോധാനത്തില്‍ എഡിജിപിക്ക് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നും എംഎല്‍എ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍ എംഎല്‍എ.
മാമി ഈ ഭൂമിയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടാതാണോ ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ സാധിക്കില്ല. നാടും സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലുമൊരു കോണില്‍ നിന്ന് സൂചനയെങ്കിലും നമുക്ക് ലഭിക്കുമല്ലോ. ഒരു സൂചനയും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഒരു സാമാന്യ മനുഷ്യനുണ്ടാകുന്ന ചിന്തയുടെ ഭാഗമായി മാമി കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് താന്‍ ഇപ്പോഴും സംശയിക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു.
Also Read: Onam 2024 : നമ്മൾ പൂക്കളമൊരുക്കുന്നത് തമിഴ്നാടിൻ്റെ സഹായത്തോടെ; ഓണത്തിനൊരുങ്ങി തമിഴ് പൂപ്പാടങ്ങൾ
സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ മക്കളാണ്. അജിത് കുമാര്‍ ചേട്ടനാണ്. കള്ളനും കള്ളനൊപ്പം കക്കുകയും പിന്നെ ഛര്‍ദിക്കുകയും ചെയ്യുന്ന ടീമുകളാണ്. കടലില്‍ വീണവന്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും നോക്കില്ലേ. ആ വഴി തേടിയാണ് അജിത് കുമാര്‍ നാല് ദിവസം ലീവെടുത്തത്. മാമി തിരോധാനത്തിന് പിന്നിലെ ദുരൂഹത എന്താണെന്ന സംശയം തനിക്കുണ്ട്. എന്നാല്‍ അത് കേസിനെ ബാധിക്കും അതുകൊണ്ട് പറയുന്നില്ല. തന്റെ തോന്നലുകളും ലഭിച്ച തെളിവുകളും മുദ്രവെച്ച കവറില്‍ ക്രൈബ്രാഞ്ച് ഐജിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിജിപിക്കും കൈമാറും.
ക്രൈബ്രാഞ്ചിന്റെ അന്വേഷണം കഴിയുന്നത് വരെയെങ്കിലും മാമിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും കാത്തിരിക്കണം. തത്കാലം സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയില്‍ പറയണം. സിബിഐ വന്നതുകൊണ്ട് കേസ് തെളിയിക്കപ്പെടില്ല. സിബിഐയെ തള്ളിപ്പറയുകയല്ല, പക്ഷെ അജിത് കുമാറിനും സംഘത്തിലും സിബിഐയില്‍ ബന്ധമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇനി പ്രതികരണമില്ല. താനുന്നയിച്ച വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സിയെ സഹായിക്കുന്ന ആളുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഇനി പ്രതികരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജിത് കുമാര്‍ ഒരു നെട്ടോറിയസ് ക്രിമിനലാണ്. ഉത്തരവാദിത്തത്തോടു കൂടി തന്നെയാണ് കേരളത്തിലെ എഡിജിപിയെ നെട്ടോറിയസ് ക്രിമിനല്‍ എന്ന് വിളിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, എഡിജിപി എംആര്‍ അജിത് കുമാറിന് അനുകൂലമായ സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി പ്രകടമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നടപടിയില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്നും നടപടിയേടുക്കേണ്ടത് ആഭ്യന്തര വകുപ്പ് അല്ലേയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.
എഡിജിപി ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. കൂടിക്കാഴ്ചയില്‍ നടപടിയേടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയാണ് താന്‍ അസംബന്ധം എന്ന് പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ബിജെപിയോടുള്ള വിയോജിപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ജയത്തിന് പിന്നില്‍ കോണ്‍ഗ്രസാണ്. ഇത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് പോലീസില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവയ്ക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ വെച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പ്രവൃത്തിയില്‍ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പി വി അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. അന്വേഷണ സംഘങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. സംഘത്തില്‍ ഉള്‍പ്പെട്ട ഐജിയും ഡിഐജിയും തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന എഡിജിപിയുടെ കത്തില്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. എഡിജിപിയുടെ കത്തിന്മേല്‍ ഉത്തരവിറക്കുന്നത് ചട്ടവിരുദ്ധമാകുമെന്നതിനാലാണ് രേഖാമൂലം തുടര്‍ നടപടി വേണ്ടെന്നുളള തീരുമാനം.