PV Anwar MLA Arrest: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവം; പിവി അൻവർ എംഎൽഎ അറസ്റ്റിൽ
PV Anwar MLA Got Arrested: അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത്.
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. പി വി അൻവർ ഒന്നാം പ്രതിയാണ്. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും, കേസ് നിയമപരമായി തന്നെ നേരിടുമെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരായ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അൻവർ ആരോപിച്ചു. ഇതിനിടെ, ‘ഭരണകൂട ഭീകരർക്കെതിരെ പ്രതിഷേധിക്കണം’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ അൻവർ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
മണി എന്ന ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു എംഎൽഎ പി അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് ഇവർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30ഓടെ ആണ് സംഭവം. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ച അവധിയായതിനാൽ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി കസേര, ബൾബ് എന്നിവയെല്ലാം പ്രതിഷേധക്കാർ തല്ലിത്തകർത്തു. പിന്നാലെ, കൊല്ലപ്പെട്ട ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാർച്ച് നടത്തി. എന്നാൽ, പോലീസ് വൻ സന്നാഹത്തോടെ എത്തി മാർച്ച് തടഞ്ഞു. അതേസമയം, വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെയും പി വി അൻവർ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. യുവാവിന്റെ പോസ്റ്റ്മോർട്ടം നടത്താൻ വൈകിയതിൽ പോലീസിനെയും അൻവർ വിമർശിച്ചു.
സംഭവത്തിൽ മൂന്ന് ഡിഎംകെ പ്രവർത്തകരെ ജില്ലാ ആശുപത്രിക്ക് മുന്നിൽ വെച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൗക്കത്ത് പനമരം, സുധീർ പുന്നപ്പാല, മുസ്തഫ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഏകദേശം ഒന്നര മണിക്കൂറോളം ആണ് നീണ്ടു നിന്നത്.
കരുളായി നെടുങ്കയത്ത് മാഞ്ചീരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ മണിയാണ് എന്ന 35കാരനാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെ കരുളായിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉൾവനത്തിൽ വെച്ചായിരുന്നു സംഭവം. രോഗിയായ തന്റെ മൂത്ത മകളെ തോളിലേറ്റി പോകുംവഴിയാണ് മണി കാട്ടാനയുടെ മുന്നിപ്പെടുന്നത്. ആനയുടെ ആക്രമണത്തിനിടെ മകൾ ദൂരേക്ക് തെറിച്ചുവീണു. കൂടെ ഉണ്ടായിരുന്ന മണിയുടെ സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു. ഇവരാണ് ആക്രമണം നടന്ന വിവരം ജീപ്പ് ഡ്രൈവറെ അറിയിച്ചത്. തുടർന്ന് വനപാലകർക്കും പൊലീസിനും വിവരം കൈമാറി. ഗുരുതരമായി പരിക്കേറ്റ മണിയെ സഹോദരൻ അയ്യപ്പൻ ഒന്നര കിലോമീറ്ററോളം എടുത്താണ് കണ്ണിക്കൈയിൽ എത്തിച്ചത്. പിന്നീട്, മണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.