PV Anwar MLA: പാര്‍ക്കിലെ റോപ് വേ ഉപകരണങ്ങള്‍ മോഷണം പോയിട്ട് കണ്ടെത്തിയില്ല; മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍എ
PV Anwar MLA Against Malappuram SP: കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇങ്ങനെയുള്ള നടപടികള്‍. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം ഇവിടെ ഇരിക്കേണ്ടി വന്നു. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിലാണ് മലപ്പുറം എസ്പി എസ് ശശിധരന്‍ ഐപിഎസിനെ എംഎല്‍എ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ പരിപാടിയുടെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി സംസാരിക്കാതെ വേദിവിട്ടു. പരിപാടിക്കെത്താന്‍ എസ്പി വൈകിയതിനെ തുടര്‍ന്നാണ് എംഎല്‍എ വിമര്‍ശനം ഉന്നയിച്ചത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പിവി അന്‍വര്‍ പറഞ്ഞു.
തന്റെ പാര്‍ക്കിലെ 2500 കിലോയോളം ഭാരമുള്ള റോപ്പ് വേയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കാണാതായെന്നും സംഭവം നടന്ന് എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും എംഎല്‍എ പറഞ്ഞു. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു, ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എസ്പി കുറെ സിംകാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. എന്റെ പത്തുലക്ഷത്തിന്റെ മുതലിന്റെ യാതൊരുവിവരവുമില്ല. കുറേ സിംകാര്‍ഡുകള്‍, അതിന്റെ വീഡിയോസൊക്കെ ഞാന്‍ കണ്ടു. എസ്പിയെ കാണുന്നത് ഞാന്‍ ടിവിയിലാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമില്ലേ, ഞാനൊരു പൊതുപ്രവര്‍ത്തകനല്ലേ, എന്റെ വീട്ടിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട്, എന്നെ വിളിച്ചിട്ട് എന്താണ് പറയേണ്ടത്. ഈ പരിപാടിയില്‍ പോലും എസ്പി എത്താന്‍ വൈകി. ചില പോലീസുകാര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അത് എങ്ങനെ ചെയ്യണമെന്ന് റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
പത്തുമണിക്കാണ് നിങ്ങളുടെ സമ്മേളനം പറഞ്ഞത്, അല്ലേ? ഞാന്‍ 9.50ന് മലപ്പുറത്ത് എത്തിയിരുന്നു. രാവിലെ ആദ്യം ആരംഭിക്കുന്ന ഒരു പരിപാടിയിലും ഞാന്‍ ഒരുമിനിറ്റ് പോലും വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാല്‍ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യണം, ആളെത്തിയിട്ടില്ല എന്നാണ്. ശരിയെന്ന് ഞാനും പറഞ്ഞു. ഒരു ചായയല്ലേ രാവിലെ ഒരാള്‍ക്ക് കുടിക്കാന്‍ പറ്റുന്നത് എന്നാല്‍, മലപ്പുറത്തുനിന്ന് ഞാന്‍ രണ്ട് ചായ കുടിച്ചു.
ഇന്ന് ഞാന്‍ 10.20നാണ് ഇവിടെവന്നത്. ഇവിടെ 27 മിനിറ്റ് കാത്തിരുന്നു. ഒരു കുഴപ്പവുമില്ല, അദ്ദേഹം തിരക്ക് പിടിച്ച ഓഫീസറാണ്. അതുകൊണ്ട് തന്നെ ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കില്‍ എനിക്ക് ഒരു യാതൊരുവിധ പ്രശ്‌നവുമില്ല. നമ്മള്‍ കാത്തുനില്‍ക്കാന്‍ തയാറാണ്. പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കില്‍ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. മനസിലായോ?, ഇതൊന്നും ശരിയായ രീതികളല്ല. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല.പോലീസിന് മാറ്റം ഉണ്ടായെ തീരൂ, അല്ലെങ്കില്‍ ജനം ഇടപെടും.
കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇങ്ങനെയുള്ള നടപടികള്‍. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം ഇവിടെ ഇരിക്കേണ്ടി വന്നു. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്, പെറ്റിക്കേസിനായി പോലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണ്. ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി പറയാനുണ്ട് അതു പറഞ്ഞാല്‍ സദസ് വഷളാകും.
ഇവിടെ നിലമ്പൂര്‍ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്ത്, നിങ്ങള്‍ക്കറിയോ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലൈഫില്‍ വീടുണ്ടാക്കി കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങിയ പഞ്ചായത്താണത്. ഈ വര്‍ക്ക് അങ്ങോട്ട് ബ്ലോക്കായി, എന്താ കാരണം, നാല് ലക്ഷത്തിന്റെ വീട്, അതിനൊരു രണ്ട് ലോഡ് മണ്ണിടണ്ടേ, മരിച്ചാലും സമ്മതിക്കില്ല. മനസിലായോ? ഒരുപ്രാവശ്യം ഞാന്‍ നേരിട്ട് വിളിച്ചുപറഞ്ഞു, അത് കഴിഞ്ഞ് അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റും മുഴുവന്‍ മെമ്പര്‍മാരും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വന്നിട്ട് എസ്പിയെ കണ്ടു. വലിയ പ്രശ്‌നമുണ്ട്, നാല് കൊട്ട മണ്ണാണ്. ഏയ് അത് നിയമമാണെന്ന് പറഞ്ഞു അദ്ദേഹം. എന്താ ഈ നിയമം?…
പോലീസില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ട്. അടുത്തിടെ ചില സാധാരണ പോലീസുകാര്‍ എന്നെ കാണാന്‍ വന്നിരുന്നു. സമീപകാലത്ത് മലപ്പുറം ജില്ലയില്‍ പോലീസില്‍ വ്യാപക ട്രാന്‍സ്ഫര്‍ നടക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ട്രാന്‍സ്ഫറുകള്‍ മനുഷ്യത്വപരമാകണം, കഞ്ചാവ് കച്ചവടക്കാരുമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ എംഎല്‍എ ഇടപെടരുത് എന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. ഇനി ഇവരൊക്കെ എവിടെ നിന്നെങ്കിലും രാവിലെ തെറിയും കേട്ട് ജോലിക്ക് വന്നാല്‍ അത് സാധാരണക്കാരന്റെ മേലെ ആയിരിക്കും. ഫാസിസം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യപ്രഭാഷകനായി എത്തിയ എസ്പി താന്‍ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു. ഈ ചടങ്ങിന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നുവെന്നും എസ്പി പറഞ്ഞവസാനിപ്പിച്ചു