5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar: അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ? നടപടിയെന്ന് സൂചന

PV Anvar Controversy: പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നാളെ കേരള ഹൗസിലോ എകെജി ഭവനിലോ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട വേളയില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.

PV Anvar: അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ? നടപടിയെന്ന് സൂചന
പിണറായി വിജയനും പിവി അന്‍വറും (Image Credits: Social Media)
shiji-mk
Shiji M K | Updated On: 27 Sep 2024 10:14 AM

കോഴിക്കോട്: പിവി അന്‍വറിന്റെ (PV Anvar) വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കടുത്ത നടപടിയിലേക്ക് സിപിഎം എന്ന് സൂചന. ഒക്ടോബര്‍ നാലിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പ് അന്‍വറിനെതിരെ നടപടിയെടുക്കാനാണ് സാധ്യത. അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇതുസംബന്ധിച്ച് ഫോണിലൂടെ സംസാരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നാളെ കേരള ഹൗസിലോ എകെജി ഭവനിലോ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട വേളയില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും കൂടാതെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബിയും എ വിജയരാഘവനും ഡല്‍ഹിയിലുണ്ട്. ഇരുവരോടും കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി.

പിവി അന്‍വറിനെതിരായ നടപടി നാളെ തന്നെയുണ്ടാകുമെന്നാണ് സൂചന. അന്‍വറുമായി ഇനി ഒത്തുപോകേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. അന്‍വര്‍ സ്വന്തം മണ്ഡലമായ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചുചേര്‍ത്താല്‍ അതിനെതിരെ പാര്‍ട്ടിയും രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കാനാണ് സാധ്യതയെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: PV Anvar : ‘മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്നു; പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; ഇനി ഹൈക്കോടതിയിൽ കാണാമെന്ന് പിവി അൻവർ

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പിവി അന്‍വര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, പരാതികളുമായി ഇനി ഹൈക്കോടതിയിലേക്ക് പോകുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നല്ല രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും നടക്കുന്ന അന്വേഷണങ്ങള്‍ കാര്യക്ഷമമല്ല. മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണ്. തനിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പറഞ്ഞു. പി ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു എന്നാല്‍ ഇന്നലത്തോടെ ആ വിശ്വാസവും ഇല്ലാതായി.

ഡിഐസി കോണ്‍ഗ്രസിലേക്ക് പോയ കാലം തൊട്ട് താന്‍ സിപിഎമ്മുമായി സഹകരിക്കുന്നുണ്ട്. ഇവിടെ നിന്ന് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ല. എംആര്‍ അജിത് കുമാറെന്ന നൊട്ടോറിയസ് ക്രിമിനല്‍ അതും ചെയ്യും. അജിത് കുമാര്‍ എഴുതിക്കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി വായിക്കുകയാണ്. തന്റെ പിന്നാലെ എപ്പോഴും പോലീസുണ്ട്. ഇന്നലെ രാത്രിയും വീടിനടുത്ത് പോലീസുകാരുണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് താന്‍ കിടന്നത്. താന്‍ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയോട് ചോദിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. അതുകൊണ്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മാസങ്ങള്‍ക്ക് മുമ്പും മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി ശശിയും എഡിജിപിയും ചതിക്കുമെന്ന് താന്‍ പറഞ്ഞിരുന്നു.

2021ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കാരണമായിരുന്നു. അന്ന് കത്തിജ്വലിക്കുന്ന സൂര്യനായിരുന്നു അദ്ദേഹം പക്ഷേ, ആ സൂര്യന്‍ ഇപ്പോള്‍ കെട്ടുപോയെന്ന് അദ്ദേഹം പോലും അറിയുന്നില്ല. അദ്ദേഹത്തിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കിറങ്ങി. നാട്ടില്‍ നടക്കുന്നത് അദ്ദേഹം അറിയുന്നില്ല. 30 ശതമാനം വരെയുള്ള സാധാരണക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും അദ്ദേഹത്തോട് വെറുപ്പാണ്. പി ശശിയാണ് അതിന് എല്ലാത്തിനും കാരണമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read: PV Anvar: ചിലര്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അല്‍പം സമയമെടുക്കും; മുഖ്യനെ ലക്ഷ്യംവെച്ച് അന്‍വര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരായ ആരോപണവും പിവി അന്‍വര്‍ ഉന്നയിച്ചു. മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ച് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണ്. ഗോവിന്ദന്‍ മാഷിന് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തില്‍ ഒറ്റക്കെട്ടാണെന്നും അന്‍വര്‍ പറഞ്ഞു.

എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടുവെന്നതാണ്. മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടു, ഉദ്യോഗസ്ഥ മേധാവിത്വം ആണ് ഇപ്പോള്‍ സര്‍ക്കാര്‍ സംഭാവന. അങ്കിള്‍ എന്നാണ് അജിത് കുമാര്‍ മുഖ്യമന്ത്രിയെ വിളിക്കുന്നത്. ഇത്തരത്തില്‍ വിളിക്കാന്‍ ഇവര്‍ തമ്മില്‍ എങ്ങനെ ബന്ധമുണ്ടായെന്നും എംഎല്‍എ ചോദിച്ചു. ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങളാണ്. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടിയുള്ളത്. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിര്‍ത്താനുള്ളതല്ല പാര്‍ട്ടി. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. പി ശശി ഒരു കാട്ടുക്കള്ളനാണ്, കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് താന്‍ നിശ്ചയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.