PV Anvar : ആദ്യം സ്പീക്കറിനെ കാണും, പിന്നാലെ വാര്‍ത്താ സമ്മേളനം; അന്‍വറിന് അറിയിക്കാനുള്ള ‘പ്രധാനപ്പെട്ട വിഷയം’ രാജി പ്രഖ്യാപനമോ?
PV Anvar Press Meet Today : തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതിന് പിന്നാലെ അയോഗ്യത ഒഴിവാക്കാനാണ് പി.വി. അന്‍വറിന്റെ നീക്കം. ഇടത് പിന്തുണയുള്ള സ്വതന്ത്രനായാണ് നിലമ്പൂരില്‍ അന്‍വര്‍ വിജയിച്ചത്. എന്നാല്‍ തൃണമൂലില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ എംഎല്‍എ സ്ഥാനം അന്‍വര്‍ രാജിവച്ചേക്കുമെന്നാണ് സൂചന
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ട് പോസ്റ്റുകളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുവാൻ തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടല്‍ ദ ടെറസില്‍ വെച്ച് ഒരു പ്രസ് മീറ്റ് സംഘടിപ്പിക്കുന്നു’വെന്നായിരുന്നു ആദ്യ പോസ്റ്റ്. തൊട്ടുപിന്നാലെ രാവിലെ ഒമ്പത് മണിക്ക് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കാണുമെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും പങ്കുവച്ചു. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ രണ്ട് കുറിപ്പുകളും. സ്പീക്കറിന് രാജിക്കത്ത് നല്‍കിയതിന് ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാനാണ് അന്‍വര്‍ പത്രസമ്മേളനം സംഘടിപ്പിക്കുന്നതെന്നാണ് സൂചന. അന്‍വറിന്റെ നീക്കമെന്തെന്ന് വരും മണിക്കൂറുകളില്‍ വ്യക്തമാകും.
തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതിന് പിന്നാലെ അയോഗ്യത ഒഴിവാക്കാനാണ് അന്‍വറിന്റെ നീക്കം. ഇടത് പിന്തുണയുള്ള സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ വിജയിച്ചത്. എന്നാല്‍ തൃണമൂലില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്നാണ് സൂചന.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ ഭാഗമാകാന്‍
അന്‍വര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടും, വയനാട്ടിലും അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് വനം വകുപ്പ് ഓഫീസ് അക്രമിച്ച കേസില്‍ അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ യുഡിഎഫ് വിമര്‍ശനം ഉന്നയിച്ചു. താന്‍ ഇനി യുഡിഎഫിനൊപ്പമായിരിക്കുമെന്ന് അന്‍വറും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി തൃണമൂലുമായി അന്‍വര്‍ അടുത്തത്.
നിലവില്‍ തൃണമൂലില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി അന്‍വര്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. തൃണമൂലിന്റെ ഭാഗമായി യുഡിഎഫില്‍ എത്താനാണ് നീക്കമെന്നും കരുതുന്നു. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ മമത ബാനര്‍ജിയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അന്‍വറിനെ സംസ്ഥാന കോര്‍ഡിനേറ്ററായി നിയമിച്ച് കേരളത്തില്‍ സാന്നിധ്യമുറപ്പിക്കാനാണ് തൃണമൂലിന്റെ നീക്കം.
തൃണമൂലിനോട് അന്‍വര്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തൃണമൂലുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് സമാജ്‌വാദ് പാര്‍ട്ടിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. എസ്പി നേതാക്കളോടും അന്‍വര്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
Read Also : പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
നിലമ്പൂര്‍ പിടിച്ചെടുത്ത അന്‍വര്‍
മലബാറില്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്ന നിലമ്പൂര്‍ അന്‍വറിലൂടെ ഇടതുപക്ഷത്തേക്ക് നീങ്ങുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിനൊപ്പം അചഞ്ചലമായി നിലയുറപ്പിച്ച നിലമ്പൂരിലാണ് അന്‍വര്‍ അട്ടിമറി സ്വന്തമാക്കിയത്. 2016ല്‍ ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന് പരാജയപ്പെടുത്തി. 2021ല്‍ ഡിസിസി പ്രസിഡന്റായിരുന്ന വി.വി. പ്രകാശിനെ 2791 വോട്ടിന് തോല്‍പിച്ച് അന്‍വര്‍ വിജയം ആവര്‍ത്തിച്ചു.
എഐസിസി അംഗമായിരുന്ന എടവണ്ണ ഒതായിലെ പി.വി. ഷൗക്കത്തലിയുടെ മകനാണ് അന്‍വര്‍. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തിനൊപ്പം അന്‍വര്‍ നീങ്ങുകയായിരുന്നു. 2011ല്‍ ഏറനാട് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2014ല്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലും ശക്തമായ പ്രകടനം പുറത്തെടുത്തു. പിന്നീടാണ് ഇടതുപക്ഷത്തേക്ക് അന്‍വര്‍ നീങ്ങിയത്. ഒടുവില്‍ ഇടതുബന്ധം ഉപേക്ഷിച്ച് അടുത്ത രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് അന്‍വര്‍.