ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം: പിവി അൻവർ | PV Anvar Responds To CM Pinarayi Vijayan Regarding SP Sujith Das And P Sasi Controversy Malayalam news - Malayalam Tv9

PV Anwar : ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം: പിവി അൻവർ

Published: 

21 Sep 2024 20:15 PM

PV Anvar Pinarayi Vijayan : മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ ഉപദേശകർ തെറ്റിദ്ധരിപ്പിച്ചു എന്ന് വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. തെറ്റിദ്ധാരണ മാറുമ്പോൾ ഈ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.

PV Anwar : ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം: പിവി അൻവർ

പിവി അൻവർ (Image Courtesy - PV Anvar Facebook)

Follow Us On

മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശകർ തെറ്റിദ്ധരിപ്പിച്ചു എന്ന് പിവി അൻവർ എംഎൽഎ. താൻ ഉന്നയിച്ച കാര്യങ്ങളിലൊക്കെ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റമുണ്ടാവും. സുജിത് ദാസിൻ്റെ കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത് മറ്റ് വഴിയില്ലാത്തതിനാലാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പിവി അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പോലീസിൻ്റെ മനോവീര്യം തകർക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അൻവർ പറഞ്ഞു. അത് അദ്ദേഹം പുനപരിശോധിക്കണം. ഇത് കാരണം നാലോ അഞ്ചോ പേരുടെ മനോവീര്യം തകർന്നേക്കാം. സുജിത് ദാസിൻ്റെ കോൾ റെക്കോർഡ് ചെയ്തത് തെറ്റാണെന്ന് താൻ തന്നെ സമ്മതിച്ചതാണ്. എന്നാൽ, കോൾ പുറത്തുവിടുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ലായിരുന്നു. എസ്പിയെന്തിനാണ് ഒരു എംഎൽഎയുടെ കാല് പിടിയ്ക്കുന്നത്. ഇപ്പോഴും ആ സംഭാഷണത്തിൻ്റെ പൂർണരൂപം താൻ പുറത്തുവിട്ടിട്ടില്ല. ആ ഫോണ്‍ റെക്കോര്‍ഡ് പുറത്തു വിട്ടതുകൊണ്ടാണ് ഇത്രയെങ്കിലും സാധിച്ചത് എന്നും പിവി അൻവർ പറഞ്ഞു.

Also Read : CM Pinarayi Vijayan : വയനാട് വാർത്ത വളച്ചൊടിച്ചത് ജനങ്ങളെ സർക്കാരിനെതിരാക്കാൻ; മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരെയും അൻവർ രംഗത്തുവന്നു. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പി ശശി പങ്കുപറ്റുന്നോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. പി ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. താൻ അങ്ങനെ വിശ്വസിക്കുന്നില്ല. പി ശശി അങ്ങനെ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന അഭിപ്രായവും തനിക്കില്ല. നായനാർ മന്ത്രിസഭയിൽ നിന്ന് ശശി എങ്ങനെ പുറത്തായെന്ന് നമുക്കറിയാം. ആ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. അതിൽ അദ്ദേഹം ഇപ്പോൾ ഒരു പടി കൂടി മുന്നിലാണെന്നാണ് തൻ്റെ അനുഭവങ്ങൾ പഠിപ്പിച്ചത്. നാട്ടുകാരുടെ പ്രശ്നങ്ങളുമായാണ് ശശിയുടെ അടുത്തേക്ക് പോയത്. എന്നാൽ, കഴിഞ്ഞ എട്ട് മാസമായി താൻ ശശിയുടെ അടുത്ത് പോയിട്ടില്ല. സാജൻ സ്കറിയയുടെ കേസുമായി ബന്ധപ്പെട്ടാണ് ശശിയുമായി പൂർണമായി തെറ്റുന്നത്. എഡിജിപി അജിത് കുമാറും പി ശശിയും സാജൻ സ്കറിയയിൽ നിന്ന് കൈക്കൂലി വാങ്ങി ജാമ്യം കിട്ടാവുന്ന സാഹചര്യമൊരുക്കി. അതിൽ തനിക്ക് സംശയമൊന്നുമില്ല. വയർലസ് ചോർത്തിയ കേസിൽ ഇതുവരെ കുറ്റപത്രം പോലും നൽകിയില്ല. ഇതൊക്കെ ആർക്കുവേണ്ടിയാണ് പിടിച്ചുവച്ചിരിക്കുന്നത്. പാർട്ടിയുമായി സംസാരിച്ച ശേഷമാണ് ശശിയെ കണ്ടത്. ഷാജൻ സ്കറിയ ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കാണിച്ചുകൊടുത്തെങ്കിലും പോലീസ് ആ വഴിയ്ക്ക് അന്വേഷിച്ചില്ല. ഇവർ ചതിക്കുകയാണെന്ന് അന്നാണ് താൻ ഉറപ്പിച്ചത് എന്നും അൻവർ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവത്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചാല്‍ നിയമമനുസരിച്ച് അക്കാര്യം ഉടനടി കസ്റ്റംസിനെ അറിയിക്കണം. കസ്റ്റംസാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കേണ്ടത്. എന്നാല്‍ ഒരു കേസും കസ്റ്റംസിനെ അറിയിച്ചിട്ടില്ല. താൻ പരാതി നല്‍കിയ രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. ഇക്കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പലതവണ പരാതി നൽകി. താന്‍ പഴയ കോണ്‍ഗ്രസുകാരനാണെന്നത് സമ്മതിക്കുന്നു. ഇഎംഎസും പഴയ കോണ്‍ഗ്രസായിരുന്നു. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു.

Also Read : P Sukumaran: ഷുക്കൂർ വധക്കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ബിജെപിയിൽ ചേർന്നു

പിവി അൻവറിനെ തള്ളിയാണ് മുഖ്യമന്ത്രി ശനിയാഴ്ച വാർത്താസമ്മേളനം നടത്തിയത്. പി ശശി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. അങ്ങനെ ആര് പറഞ്ഞാലും അത് അവജ്ഞയോടെ തള്ളിക്കളയും. ശശിയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള പരിശോധനയുടെയും ആവശ്യമില്ല. അൻവറോ മറ്റാരെങ്കിലുമോ കൊടുക്കുന്ന പരാതി സ്വീകരിച്ച് നടപടിയെടുക്കാനല്ല, നിയമപ്രകാരമുള്ള നടപടി സ്വീകരിച്ച് നടപടിയെടുക്കാനാണ് ശശി അവിടെയുള്ളത്. അങ്ങനെയല്ലാത്ത ഏതെങ്കിലും തരത്തിലുള്ള നടപടിയെടുത്താൽ ശശിയെന്നല്ല, ആർക്കും ആ ഓഫീസിലിരിക്കാനാവില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലുമാണ് അൻവർ ആവശ്യപ്പെട്ടതെങ്കിൽ അത് ചെയ്തിട്ടുണ്ടാവില്ല. അങ്ങനെയുള്ള വിരോധം വച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ നടപടിയെടുക്കാനാവില്ല. അൻവറിൻ്റെ പശ്ചാത്തലം ഇടതല്ല, കോൺഗ്രസിൽ നിന്നാണ് അൻവർ സിപിഎമ്മിൽ എത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വായ്നാറ്റം അകറ്റാൻ ഇവ ശ്രദ്ധിക്കാം
രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി; കോലിയെ മറികടന്ന് ഗിൽ
പല്ലിലെ മഞ്ഞ നിറമാണോ പ്രശ്‌നം? ഇതാ പരിഹാരം
ഓ.. എന്തൊരു വെയിൽ, ടാൻ മാറാനുള്ള പരിഹാരം ഇവിടെയുണ്ട്
Exit mobile version