PV Anvar : കൈകോര്‍ക്കാന്‍ അന്‍വര്‍ ‘റെഡി’, ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫ്; ജയിലില്‍ നിന്ന് പുറത്തെത്തിയ എംഎല്‍എയ്ക്ക് വഴി നീളെ സ്വീകരണം
PV Anvar To Join Hands With UDF : പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫുമായി കൈകോര്‍ക്കുമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. പിണറായിസത്തെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കും. പിണറായിസത്തെ തകര്‍ക്കാന്‍ മുന്നിലുള്ളത് യുഡിഎഫാണ്. യുഡിഎഫുമായി സഹകരിച്ച് തന്റെ ശക്തി കൂടി അതിന് പകരുമെന്നും അന്‍വര്‍ വ്യക്തമാക്കി. അന്‍വറുമായി സഹകരിക്കുന്നതില്‍ ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. അന്‍വര്‍ അറസ്റ്റിലായതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു
മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി.വി. അന്‍വര്‍ എം.എല്‍.എ വീട്ടിലെത്തി. പ്രവര്‍ത്തകര്‍ നല്‍കിയ ഇളനീര്‍ കുടിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തെത്തിയത്. വഴിനീളെ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു വീട്ടിലേക്കുള്ള മടക്കം. രാത്രി 8.30-ഓടെയാണ് അദ്ദേഹം പുറത്തെത്തിയത്. എംഎല്‍എയെ പൂമാല അണിയിച്ചും, പടക്കം പൊട്ടിച്ചുമായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷം. ചങ്കുവെട്ടി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണമൊരുക്കി. ജയിലില്‍ എംഎല്‍എ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നാണ് അന്‍വര്‍ പ്രതികരിച്ചത്.
തനിക്ക് ലഭിച്ചത് കഴിക്കാന്‍ പറ്റുന്ന ഭക്ഷണമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ എല്ലാം മോശമെന്ന് അഭിപ്രായമില്ല. ഒരു കട്ടില്‍ മാത്രമാണ് സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് അധികമായി ലഭിച്ചത്. തലയിണ ചോദിച്ചിട്ട് കിട്ടിയില്ല. സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ലെന്നും എംഎല്‍എ പ്രതികരിച്ചു.
യുഡിഎഫുമായി കൈകോര്‍ക്കും
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫുമായി കൈകോര്‍ക്കുമെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു.
ധാര്‍മിക പിന്തുണ തനിക്ക് ആശ്വാസകരമായിരുന്നുവെന്ന് അന്‍വര്‍ വ്യക്തമാക്കി. ജയിലില്‍ 100 ദിവസം കിടക്കാന്‍ തയ്യാറായാണ് എത്തിയത്. വീട്ടുകാരോടൊക്കെ അങ്ങനെ പറഞ്ഞാണ് വന്നത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചു. പിണറായി സ്വയം കുഴികുത്തുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു.
പിണറായിസത്തെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കും. പിണറായിസത്തെ തകര്‍ക്കാന്‍ മുന്നിലുള്ളത് യുഡിഎഫാണ്. യുഡിഎഫുമായി സഹകരിച്ച് തന്റെ ശക്തി കൂടി അതിന് പകരുമെന്നും അന്‍വര്‍ വ്യക്തമാക്കി.
അന്‍വറുമായി സഹകരിക്കുന്നതില്‍ ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. നേരത്തെ അന്‍വര്‍ നടത്തുന്ന ജനകീയ യാത്രയില്‍ യുഡിഎഫ് നേതാക്കളും പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ പരിപാടിയുടെ ഭാഗമായില്ല. വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററുകളും പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ അറിവില്ലാതെയാണ് ഇക്കാര്യങ്ങള്‍ ചെയ്തതെന്നായിരുന്നു അപ്പച്ചന്റെ മറുപടി. യാത്രയില്‍ പങ്കെടുക്കേണ്ടത് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അന്‍വര്‍ അറസ്റ്റിലായതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്. എംഎല്‍എയുടെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും സുധാകരന്‍ ചോദിച്ചു. അന്‍വര്‍ എംഎല്‍എയാണെന്നും, പിടികിട്ടാപ്പുള്ളിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറസ്റ്റ് പ്രതികാര നടപടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമര്‍ശനം.