PV Anvar: തൃണമൂലിനെ കൈവിടാനാവില്ലെന്ന് അൻവർ; മറ്റ് മാർഗങ്ങളുണ്ടോ എന്ന് നോക്കാമെന്ന് കോൺഗ്രസ്: തിരഞ്ഞെടുപ്പിൽ പരസ്പര സഹകരണം
PV Anvar - Congress Cooperation: നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കുമെന്ന് പിവി അൻവറും കോൺഗ്രസും. എന്നാൽ, മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ഘടകകക്ഷികളുമായി ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന് കോൺഗ്രസ് അറിയിച്ചു.

പിവി അൻവറിൻ്റെ യുഡിഎഫ് മുന്നണി പ്രവേശനം പ്രതിസന്ധിയിൽ. തൃണമൂൽ കോൺഗ്രസിനെ കൈവിടാനാവില്ലെന്നാണ് കോൺഗ്രസുമായുള്ള ചർച്ചയിൽ അൻവർ വ്യക്തമാക്കിയത്. എന്നാൽ, മുന്നണിയിൽ തൃണമൂലിനെ പരിഗണിക്കാനാവില്ലെന്നും മറ്റ് മാർഗങ്ങളുണ്ടോ എന്ന് പരിശോധിക്കാമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാമെന്നാണ് നിലവിലെ ധാരണ.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് പിവി അൻവറുമായി ചർച്ചനടത്തിയത്. തൃണമൂലിനെ മുന്നണിയിൽ പരിഗണിക്കാനാവില്ല എന്ന് കോൺഗ്രസ് നേതാക്കൾ തീർത്തുപറഞ്ഞു. തൃണമൂലിനെ കൈവിടാൻ തനിക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു അൻവറിൻ്റെ മറുപടി. തന്നെയും തൻ്റെ പാർട്ടിയെയും യുഡിഎഫിൽ പരിഗണിക്കണമെന്നും അൻവർ പറഞ്ഞു. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നിലപാട് സ്വീകരിച്ചു. തൃണമൂലിനെ ഉൾപ്പെടുത്താതെയുള്ള എങ്ങനെ സഹകരിക്കാമെന്നത് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.
Also Read: PV Anvar: നിബന്ധനകൾ വച്ച് കോൺഗ്രസ്; മുഖം തിരിച്ച് ലീഗ്: പിവി അൻവറിൻ്റെ തിരിച്ചുവരവ് എളുപ്പമാവില്ല
പിവി അൻവറുമായി നടത്തിയ ചർച്ചയുടെ ആദ്യ ഘട്ടത്തിൽ തൃണമൂൽ ചീഫ് കോഓർഡിനേറ്റർമാരായ വിഎസ് മനോജ് കുമാർ, ഹംസ പറക്കാട്ട്, സജി മഞ്ഞക്കടമ്പൻ തുടങ്ങിയവരും പങ്കെടുത്തു. ഒരു മണിക്കൂറാണ് ചർച്ച നീണ്ടത്. യുഡിഎഫുമായും കോൺഗ്രസുമായും സഹകരിക്കുമെന്ന് അൻവർ അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. മുന്നണിപ്രവേശനം ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും താൻ പിന്തുണയ്ക്കുമെന്ന് അൻവർ പറഞ്ഞു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് യുഡിഎഫ് സ്ഥാനാർഥി തിരുവനന്തപുരത്ത് ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കണം. എൽഡിഎഫിനെതിരായ പോരാട്ടം അവിടെ നിന്നാണ് തുടങ്ങേണ്ടത്. ജയിലിലാക്കാൻ പോകുന്നുവെന്നു മനസ്സിലാക്കിയപ്പോഴാണ് താൻ എൽഡിഎഫ് വിട്ടത്. രാഷ്ട്രീയജീവിതത്തിൽ ചതിയോ വഞ്ചനയോ കാട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു.