5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Water supply: ‘ഇരുട്ടിൽ’ ആശ്വാസം; പൈപ്പുകളുടെ പണി പൂർത്തിയായി; രാത്രിയോടെ തലസ്ഥാനത്ത് പമ്പിങ് പുനഃരാരംഭിച്ചു

ന​ഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നുണ്ടെന്നും പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കുമെന്നും മേയർ പറഞ്ഞു. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.

Water supply:  ‘ഇരുട്ടിൽ’ ആശ്വാസം; പൈപ്പുകളുടെ പണി പൂർത്തിയായി; രാത്രിയോടെ തലസ്ഥാനത്ത് പമ്പിങ് പുനഃരാരംഭിച്ചു
sarika-kp
Sarika KP | Updated On: 08 Sep 2024 23:32 PM

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായി മുടങ്ങികിടക്കുന്ന കുടിവെള്ളം പുനഃരാരംഭിച്ചു. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തുമണിയോടെയാണ് തിരുവനന്തപുരം ന​ഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിൽ വെള്ളമെത്തുമെന്നും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നും  മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

കുടിവെള്ളം മുടങ്ങിയത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയർ പറഞ്ഞു. ന​ഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നുണ്ടെന്നും പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കുമെന്നും മേയർ പറഞ്ഞു. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.

Also read-Water Shortage : തിരുവനന്തപുരത്തെ ജലവിതരണം ഇനിയും വൈകും; നഗരസഭയിലെ സ്കൂളുകൾക്ക് നാളെ അവധി

അതേസമയം പ്രദേശത്ത് വെള്ളമെത്തുമെന്നതിൽ അനിശ്ചിതത്വം തുടർന്ന പശ്ചാതലത്തിൽ നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു. നാളെ ഉച്ചയോടെ പൂർണമായും വെള്ളമെത്തുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. അർദ്ധരാത്രിയോടെ ജലം എത്തിത്തുടങ്ങും.

നാല് ദിവസമായി മുടങ്ങി കിടക്കുന്ന ജലവിതരണം ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ പുനഃസ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ ആ സമയത്തും വെള്ളം കിട്ടാതായതോടെ നാട്ടുകാർ പൊട്ടിത്തെറിച്ചു. ഇത് കൂടാതെ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം പ്രതിഷേധിച്ച് കമൻുകൾ ഇട്ടിരുന്നു. ഇതിനിടെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നു. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് സതീശൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ടാങ്കറിൽ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അത് തന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ട് പോകേണ്ട അവസ്ഥയാണുള്ളത് എന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതിനു പുറമെ സർക്കാരിനെതിരെ ഭരണകക്ഷി എംഎൽഎതന്നെ വിമർശനവുമായി രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നു വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു. സമയപരിധിക്കുള്ളി‍ൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നു ശിവൻകുട്ടി ചോദിച്ചു.

ജലവിതരണ പൈപ്പ് ശരിയാക്കുന്നു

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായാണ് തലസ്ഥാനത്ത് ജലവിതരണം മുടങ്ങിയത്. നാൽപതിലേറെ വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്. ഇതോടെ കുടിവെള്ളം കിട്ടാതെ പ്രയാസം അനുഭവിക്കുകയായിരുന്നു ന​ഗരവാസികൾ. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി രണ്ട് ദിവസം പമ്പിങ് നിർത്തിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രവൃത്തി നീണ്ടതോടെ ജനങ്ങൾ വലയുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാൽവിൽ ലീക്ക് കണ്ടെത്തിയതിനെ തുടർന്ന് പുലർച്ചെ ഭാഗികമായി ആരംഭിച്ച പമ്പിംഗ് നിർത്തിവെക്കുകയായിരുന്നു.