Pulsar Suni: ഹോട്ടലിൽ കയറി അതിക്രമവും ഭീഷണിയും; പൾസർ സുനിക്കെതിരെ കേസ്
Pulsar Suni Police Case: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പൾസർ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളത്ത് ഹോട്ടലിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും അതിക്രമം കാണിച്ചതിനുമാണ് പോലീസ് കേസെടുത്തത്.

ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരെ കേസ്. എറണാകുളം രായമംഗത്തെ ഹോട്ടലിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും അതിക്രമം കാണിച്ചതിനുമാണ് കേസ്. കുറുപ്പംപടി പോലീസാണ് പൾസർ സുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനി ജ്യാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ കേസ്.
ഈ മാസം 23 രാത്രിയിലാണ് സംഭവം. രായമംഗകത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സുനി. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിൽ ക്ഷുഭിതനായ ഇയാൾ ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും ചില്ലുഗ്ലാസുകൾ എറിഞ്ഞുടയ്ക്കുകയുമായിരുന്നു. ജീവനക്കാരോട് ഇയാൾ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. പിന്നാലെ, ഹോട്ടൽ ജീവനക്കാർ പൾസർ സുനിക്കെതിരെ പരാതിനൽകി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഹോട്ടലിൽ അതിക്രമം കാണിച്ചതിനുമാണ് കേസ്. ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി പോലീസ് എഫ്ഐആറിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലയക്കുമ്പോൾ മറ്റ് കേസുകളിൽ പെടരുതെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പുതിയ പൾസർ സുനി പുതിയ കേസിൽ പെട്ടത്.
Also Read: Pulsar Suni: ഒടുവിൽ പൾസർ സുനി പുറത്തേക്ക്, വർഷങ്ങൾക്ക് ശേഷം ജാമ്യം
2024 സെപ്തംബർ 17നാണ് സുപ്രീം കോടതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2017ൽ പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ പൾസർ സുനി 2017 ഫെബ്രുവരിയിൽ അറസ്റ്റിലായി. കഴിഞ്ഞ വർഷം ജൂണിന് സുനിയുടെ പത്താമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. വിവിധ അഭിഭാഷകർ വഴി ജാമ്യാപേക്ഷ നൽകിയതിന് സുനിയ്ക്ക് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെ സുനി സുപ്രീം കോടതിയെ സമീപിച്ചു. ഒടുവിൽ സുപ്രീം കോടതിയിൽ നിന്നാണ് സുനി ജാമ്യമെടുത്തത്.