KSRTC Pullupara Accident: ഇടുക്കിയിലെ കെഎസ്ആർടിസി അപകടം, കണ്ണീരണിഞ്ഞ് വിനോദയാത്ര സംഘം; മൂന്ന് മരണം
KSRTC Pullupara Accident Death News: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയാണ് മരിച്ചത്. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരിന്നു മരണം സ്ഥിരീകരിച്ചത്. ബസിന്റെ മുൻവശത്ത് യാത്ര ചെയ്തവരാണ് മരണപ്പെട്ടത്തെന്നാണ് വിവരം. 35-ാം മെെലിലുള്ള മുണ്ടക്കെെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കെെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പീരുമേട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള സ്ഥലത്താണ് അപകടം നടന്നത്.
ഹെെവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നായിരുന്നു വിവരം. പിന്നീട് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 30 അടിത്താഴ്ചയിലേക്കാണ് ബസ് തലകീഴായാണ് മറഞ്ഞിരിക്കുന്നത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. 34 പേരാണ് വിനോദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് ജീവനക്കാരും ബസിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് ബസ് മറിഞ്ഞത്. ബ്രേക്ക് തകരാറാണ് ബസ് അപകടത്തിൽ പെടാൻ കാരണമെന്ന് ഡ്രെെവർമാരിൽ ഒരാൾ പറഞ്ഞു.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് വിനോദയാത്ര സംഘം മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്ര പുറപ്പെട്ടത്. തഞ്ചാവൂർ ക്ഷേത്രം ഉൾപ്പെടെ സന്ദർശിച്ചതിന് ശേഷം മാവേലിക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇന്ന് രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ എത്തേണ്ടതായിരുന്നു. കുട്ടിക്കാനം – മുണ്ടക്കെെ റൂട്ടിൽ കൊടുംവളവുകൾ നിറഞ്ഞ പ്രദേശത്തായിരുന്നു അപകടം.
അപകടത്തെ തുടർന്ന് സ്ഥലത്ത് വൻ ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു. ഗതാഗത തടസം മാറിയെന്നാണ് വിവരം. സഥിരം അപകടമേഖലയായ പ്രദേശത്ത് കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു.