Mother and Unborn Child Death: പ്രതിഷേധം കനക്കുന്നു; ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകി
Death of Unborn Child and Mother in Kozhikode Ulliyeri Medical College : ചികിത്സാപ്പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.
കോഴിക്കോട്: പ്രസവത്തിനായി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ചർച്ചകൾക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും, നരഹത്യക്ക് കേസെടുക്കുമെന്നും പോലീസ് അറിയിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. മെഡിക്കൽ ബോർഡ് ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞും മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് യുവതിയും ഗർഭസ്ഥശിശുവും മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിക്കുകയായിരുന്നു.
ALSO READ: ആശങ്ക ഒഴിയാതെ കേരളം; മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം
ബന്ധുക്കൾ സംഭവത്തെ കുറിച്ച് പറയുന്നത്
സെപ്റ്റംബർ 11 ഉച്ചയായപ്പോഴേക്കും പ്രസവവേദന തുടങ്ങി. സുഖപ്രസവം ആയിരിക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. രാത്രിയോടെ വേദന സഹിക്കാൻ പറ്റാതായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർമാർ അതിന് തയ്യാറായില്ല. പിറ്റേ ദിവസം പുലർച്ചെ ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവൻ അപകടത്തിലാകുമെന്ന് പറഞ്ഞു. അതെ തുടർന്ന് ബന്ധുക്കൾ അനുമതി നൽകി. ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയാണ് ചെയ്തത്. അങ്ങനെ അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. സെപ്റ്റംബർ 13-ന് ഉച്ചയ്ക്ക് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 3.30-ഓടെ മരിച്ചു.
ആശുപത്രി അധികൃതരുടെ വിശദീകരണം
അശ്വതിയെ രണ്ടാം പ്രസവത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യത്തേത് സുഖപ്രസവം ആയിരുന്നു. എന്നാൽ ഇത്തവണ രക്തസമ്മർദ്ദം കൂടുന്ന സ്ഥിതിയുണ്ടായി. സെപ്റ്റംബർ 11 വെളുപ്പിന് മൂന്ന് മണിക്ക് വേദന തുടങ്ങി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുന്നതായി കണ്ടു. തുടർന്ന് സിസേറിയനായി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുകയായിരുന്നു.