5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ

Priyanka Gandhi's Victory in Wayanad Lok Sabha Election 2024: വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും കണ്ടുശീലിച്ച പ്രിയങ്കയെ ഇരുകയ്യും നീട്ടിയാണ് വയനാട് സ്വീകരിച്ചത്. പ്രചാരണത്തിന്റെ ഓരോ വേളയിലും വോട്ടര്‍മാരെ നേരില്‍ കണ്ട് അവരോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രിയങ്ക ആ നാടിനോട് കൂടുതല്‍ അടുത്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മലയാളത്തില്‍ സംസാരിച്ച പ്രിയങ്ക മലയാളം പഠിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പറന്നുയര്‍ന്നത്.

Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
shiji-mk
Shiji M K | Published: 24 Nov 2024 12:20 PM

പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ലാതെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ തന്നെ പ്രിയങ്ക ഗാന്ധി വിജയിച്ചു. രാഹുലിന്റെ സ്ഥാനം പ്രിയങ്കയ്ക്ക് തന്നെ സ്വന്തമാകുമെന്ന ഉറപ്പ് വയനാട്ടിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. വയനാടിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി ഒരു ദേശീയ മുഖമാണ്. അവരുടെ കുടുംബം, പാരമ്പര്യം ഇതെല്ലാം വയനാടിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വീണ്ടും തങ്ങളുടെ നാടിനെ ഗാന്ധി കുടുംബത്തിലേക്ക് ഏല്‍പ്പിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാടന്‍ ടേമില്‍ ഏറെ കേള്‍ക്കേണ്ടി വന്നൊരു വിമര്‍ശനമാണ് ഗസ്റ്റ് എംപി എന്നത്. ആ ഒരു ചീത്തപ്പേര് പ്രിയങ്ക തിരുത്തുമോ അല്ലെങ്കില്‍ തുടരുമോ എന്ന കാര്യം വഴിയേ മനസിലാകും. എന്നിരുന്നാലും പ്രിയങ്കയില്‍ വയനാട്ടിലെ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം അത് ചെറുതല്ല. വോട്ട് നേടിയ അതേ ലാഘവത്തില്‍ ഇനിയങ്ങോട്ട് വയനാട്ടുകാരുടെ ഹൃദയം ലഭിക്കുമോ എന്നത് പ്രിയങ്കയുടെ വാക്കും പ്രവൃത്തിയും തീരുമാനിക്കും.

പ്രിയങ്കയെന്ന പ്രിയങ്കരി

പ്രസംഗ വേദികളില്‍ കത്തിയറാനുള്ള രാഹുലിന്റെ വാക്ചാതുരിയോ ഇന്ദിരയുടെ കാര്‍ക്കശ്യമോ ഇല്ല, ഇത് ഏത് വേദനകളെയും തന്റേത് കൂടിയായി കണ്ട് കൂടെ നില്‍ക്കുന്ന വയനാടിന്റെ എംപി. എങ്കിലും വാക്കും നോക്കും കടുപ്പിക്കേണ്ടിടത്ത് അവര്‍ തീജ്വാലയാകും, പ്രിയങ്ക ഗാന്ധിക്കുള്ള വിശേഷണങ്ങള്‍ അങ്ങനെ നീളുന്നു. രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക വയനാട്ടിലെത്തുന്നുവെന്ന് പ്രഖ്യാപിച്ച നാള്‍ മുതല്‍ വിജയം ഉറപ്പായിരുന്നു. എന്നാല്‍ ഭൂരിപക്ഷം, അത് രാഹുലിന് മുകളില്‍ പോകുമോ കുറയുമോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം.

4,31,770 എന്ന രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു രാജ്യം മുഴുവന്‍. 4,10,931 എന്ന ഭൂരിപക്ഷത്തിലേക്ക് അവര്‍ വളര്‍ന്നു. വയനാടിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേത്. അഞ്ച് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം പ്രിയങ്ക സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന വോട്ടിങ് ശതമാന കണക്കുകള്‍ പാര്‍ട്ടിയെ ആകെ ഉലച്ചു. പോളിങ് കുറഞ്ഞെങ്കിലും വയനാട്ടുകാര്‍ രേഖപ്പെടുത്തിയത് പ്രിയങ്കയോടുള്ള സ്‌നേഹം മാത്രമായിരുന്നു.

പ്രിയങ്ക ഗാന്ധി (Image Credits: PTI)

വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും കണ്ടുശീലിച്ച പ്രിയങ്കയെ ഇരുകയ്യും നീട്ടിയാണ് വയനാട് സ്വീകരിച്ചത്. പ്രചാരണത്തിന്റെ ഓരോ വേളയിലും വോട്ടര്‍മാരെ നേരില്‍ കണ്ട് അവരോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രിയങ്ക ആ നാടിനോട് കൂടുതല്‍ അടുത്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മലയാളത്തില്‍ സംസാരിച്ച പ്രിയങ്ക മലയാളം പഠിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പറന്നുയര്‍ന്നത്. എന്നാല്‍ വോട്ടിനേക്കാള്‍ ഉപരി പ്രിയങ്കയില്‍ അര്‍പ്പിച്ച വയനാട്ടുകാരുടെ വിശ്വാസം അത് വളരെ വലുതാണ്.

പ്രതീക്ഷയോടെ വിനോദ സഞ്ചാരമേഖല

പ്രിയങ്കയ്ക്ക് മുന്നിലുള്ള കടമ്പകള്‍, അത് ചെറുതല്ല. ഏറെ കാര്യങ്ങള്‍ വയനാടിനായി ചെയ്യാനുണ്ട്. ഉരുള്‍പൊട്ടല്‍ തീര്‍ത്ത ആഘാതത്തില്‍ നിന്നും ഇന്നും വയനാട് കയരയറിട്ടില്ല. അതിനാല്‍ തന്നെ പ്രിയങ്കയുടെ ആദ്യ പരിഗണന ആ വിഷയത്തിലായിരിക്കും എന്ന് തന്നെയാണ് വയനാട്ടുകാരുടെ പ്രതീക്ഷ. വയനാടിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ പല ന്യായങ്ങളും പറഞ്ഞ് കേന്ദ്രം മുന്നോട്ടുപോവുകയാണ്. ഈയൊരു സാഹചര്യത്തില്‍ പാര്‍ലമെന്റിലെത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കേണ്ട വിഷയവും ഇത് തന്നെയായിരിക്കും.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനെ കരയകറ്റാനും പ്രകൃതി ദുരന്തത്തിന് പാത്രമായ മനുഷ്യര്‍ക്ക് അര്‍ഹമായ സഹായമെത്തിക്കുകയും ചെയ്യുന്നതുമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. ടൂറിസം മേഖലയെ ആശ്രയിച്ചുകൊണ്ടാണ് വയനാടന്‍ ജനത മുന്നോട്ടുപോകുന്നത്. എന്നാല്‍, കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മുണ്ടക്കൈ എന്ന ഗ്രാമം തന്നെ നഷ്ടപ്പെട്ടത്തോടെ വയനാട്ടിലെ ടൂറിസം മേഖലയെ പേടിയോടെയാണ് ആളുകള്‍ ഇപ്പോള്‍ നോക്കി കാണുന്നത്.

മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വയനാടിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നുള്ള വെല്ലുവിളിയും രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് മുന്നില്‍ വെച്ചിരുന്നു. പ്രചാരണ വേളയില്‍ കാരാപ്പുഴ ഡാമില്‍ സിപ് ലൈനിലൂടെ സഞ്ചരിച്ച് വയനാട് സുരക്ഷിതമാണെന്ന് രാഹുല്‍ പറയുകയും ചെയ്തു.

Also Read: http://Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌

പ്രകൃതിദുരന്തം വിതച്ച ഭീതിയില്‍ നിന്ന് കരകയറാനും പഴയ പ്രൗഢിയിലേക്ക് വിനോദ സഞ്ചാര മേഖലയെ എത്തിക്കാനും പ്രിയങ്ക അശ്രാന്തം പരിശ്രമിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരുമെന്ന പ്രയോഗമാണ് ഇവിടെ ഏറ്റവും അനുയോജ്യം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നത് മുതല്‍ ജനങ്ങളിലുള്ള ഭീതിയെ അകറ്റുന്നതിന് വരെ പ്രിയങ്ക അംബാസിഡറായി പ്രവര്‍ത്തിക്കേണ്ടതായി വരും.

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും (Image Credits: PTI)

മെഡിക്കല്‍ കോളേജിനായി

വയനാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമാണ്, ആവശ്യമാണ് സ്വന്തമായൊരു മെഡിക്കല്‍ കോളേജ് എന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജിനായി തറക്കല്ലിടല്‍ നടത്തിയെങ്കിലും ആ കല്ല് മണ്ണോട് ചേര്‍ന്നു. കല്ലിടല്‍ നടത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയതല്ലാതെ കെട്ടിടം പണിതില്ല, വയനാട്ടുകാരെ ആവശ്യം ആരും കേട്ടില്ല. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒരു ബോര്‍ഡ് തൂക്കി മെഡിക്കല്‍ കോളേജ് എന്ന പേരില്‍. ഏത് അസുഖം വന്നാലും കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥ തന്നെയാണ് ഇപ്പോഴും വയനാട്ടുകാര്‍ക്ക്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രിയങ്ക ഗാന്ധി തന്നെ മുന്നോട്ടുവെച്ച വിഷയമാണ് വയനാട് മെഡിക്കല്‍ കോളേജ്. തന്റെ എല്ലാ പരിശ്രമങ്ങളും വയനാട് മെഡിക്കല്‍ കോളേജിനായി ഉണ്ടാകുമെന്നാണ് പ്രിയങ്ക അറിയിച്ചത്.

രാത്രി യാത്രയും വന്യജീവികളും

വയനാട്-കര്‍ണാടക റൂട്ടിലൂടെയുള്ള രാത്രി യാത്രാ പ്രശ്‌നം അത്ര നിസാരമല്ല. ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായ വിഷയം കൂടിയാണത്. കര്‍ണാടക-വയനാട് രാത്രി യാത്ര ദുഷ്‌കരമായതിനെ തുടര്‍ന്ന് യാത്ര നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങളെത്തിയിരുന്നു. വന്യജീവി പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനായി പ്രിയങ്ക നടത്തേണ്ടി വരുന്ന ശ്രമങ്ങളും ഏറെ നിര്‍ണായകമാണ്.

കൂടാതെ, ഗതാഗത കുരുക്കിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന വയനാട് ചുരത്തിന് ബദല്‍ പാത നിര്‍മിക്കേണ്ടതും നാടിന്റെ ഏറെ നാളത്തെ ആവശ്യം തന്നെ. ഇതോടൊപ്പം, വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഒന്നും തന്നെ ചെയ്തില്ല ആക്ഷേപത്തിനും പ്രിയങ്കയ്ക്ക് മറുപടി നല്‍കേണ്ടതുണ്ട്.

വയനാടിന്റെ ഉള്ളറിഞ്ഞ് പ്രവര്‍ത്തിക്കുന്നതോടൊപ്പം ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യത്തിന്റെ കരുത്താകാനും പ്രിയങ്കയ്ക്ക് കഴിഞ്ഞാല്‍ അത് ചരിത്രമാണ്, മുത്തശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധി പറഞ്ഞതുപോലെ’ആളുകളില്‍ അവളില്‍ എന്നെ കാണും, അവളെ കാണുമ്പോള്‍ എന്നെ ഓര്‍ക്കും. അവള്‍ തിളങ്ങും, അടുത്ത നൂറ്റാണ്ട് അവളുടേതായിരിക്കും, അപ്പോള്‍ ആളുകള്‍ എന്നെ മറക്കും,’ അങ്ങനെയാകട്ടെ.