5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi : വയനാട് ലോക്സഭാ എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Priyanka Gandhi To Take Oath Today : വയനാട് ലോക്സഭാ എംപിയായി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ഈ മാസം 30, 31 തീയതികളിൽ പ്രിയങ്ക മണ്ഡലം സന്ദർശിച്ച് വോട്ടർമാർക്ക് നന്ദി അറിയിക്കും.

Priyanka Gandhi : വയനാട് ലോക്സഭാ എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പ്രിയങ്ക ഗാന്ധി (Image Credits – PTI)
abdul-basith
Abdul Basith | Published: 28 Nov 2024 08:41 AM

വയനാട് ലോക്സഭാ എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മഹാരാഷ്ട്ര നാന്ദേഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച രവീന്ദ്രവസന്ത് റാവുവിൻ്റെ സത്യപ്രതിജ്ഞയും ഇന്നാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാട് മണ്ണിടിച്ചിൽ ദുരിതബാധിതർക്കുള്ള സഹായം വൈകുന്നതിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ പ്രിയങ്ക പങ്കെടുക്കും.

എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെഎൽ പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങിയിരുന്നു. പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക ഗാന്ധി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാട്ടിലെ വിവിധ മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തും. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനായി നവംബർ 30 നും ഡിസംബർ ഒന്നിനുമാണ് പ്രിയങ്ക മണ്ഡലത്തിൽ സന്ദർശനം നടത്തുക.

Also Read : Priyanka Gandhi: സത്യപ്രതിജ്ഞ നാളെ; പ്രിയങ്ക രണ്ട് ദിവസം വയനാട്ടിൽ പര്യടനം നടത്തും

വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും ജയിച്ചതിനെ തുടര്‍ന്ന് വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയായിരുന്നു. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 4,04,619 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വിജയിച്ചത്. ആകെ 6,12,020 വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചു. വന്‍ വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ വിജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്:

വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി.

ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.

എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി…
നന്ദി, എല്ലായ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്‌.

64.72 ശതമാനമായിരുന്നു ഇത്തവണ വയനാട്ടിൽ ആകെ പോൾ ചെയ്ത വോട്ടുകൾ. 2019ല്‍ 80.33 ശതമാനമായിരുന്ന പോളിങ് നിരക്ക് 2024ല്‍ 72.92 ശതമാനത്തിലേക്ക് താഴ്ന്നു. ഇത്തവണ അതിൽ നിന്നും 10 ശതമാനത്തിലധികം പോളിങ് കുറഞ്ഞിരുന്നു.

Latest News