5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslides: പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തുന്നു; ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Narendra Modi will visit Wayanad: കേരളത്തിലേക്ക് സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നുമുതല്‍ ജില്ലയില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്.

Wayanad Landslides: പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തുന്നു; ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Narendra Modi PTI Image
shiji-mk
SHIJI M K | Updated On: 08 Aug 2024 12:45 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഹെലികോപ്റ്ററിലാകും മേപ്പാടിയിലെത്തുക. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മാല, മുണ്ടക്കൈ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കാനിടയുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സംസ്ഥാനത്തെ അറിയിച്ചു. പ്രധാനമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച ക്രമീകരണങ്ങളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്പിജി സംഘം വയനാട്ടിലെത്തിയിട്ടുണ്ട്.

Also Read: Vinesh Phogat: യോഗ്യത നേടുന്നതില്‍ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്: ബിജെപി എംപി സൈന നെഹ്‌വാള്‍

കേരളത്തിലേക്ക് സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നുമുതല്‍ ജില്ലയില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്. ദുരന്തം നേരിട്ട വയനാടിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതല്‍ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ ദിവസം മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം. തിരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തിരച്ചില്‍ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തിരച്ചില്‍ നടത്തുന്നത്.

Also Read: Vinesh Phogat: ‘ഗുഡ് ബൈ റസ്ലിങ്, ഞാന്‍ തോറ്റു….പൊരുതാന്‍ ഇനി ആവില്ല’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്‌

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേരാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് മന്ത്രിസഭ ഉപസമിതി തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ബന്ധുവീടുകളില്‍ പോകാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. ബാക്കിയുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചിലവില്‍ കണ്ടെത്തി നല്‍കും.

ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. താത്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കും. സ്ഥിരം വീടുകളിലേക്ക് മാറുന്നതിന് മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടം. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ തയാറാക്കും. പൂര്‍ണമായ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാം ഘട്ടത്തിലായിരിക്കും.

അതേസമയം, തിരിച്ചറിയാന്‍ സാധിക്കാതിരുന്നവരുടെ മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും സംസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. പുത്തുമലയിലുള്ള ശ്മശാന ഭൂമി പ്രത്യേകം വേലികെട്ടി തിരിച്ചു. ഇവിടെ 20 സെന്റ് ഭൂമി കൂടി അധികമായി ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്നാണ് അധിക ഭൂമിയുള്ളത്. ഇവിടെ തിരിച്ചറിയാത്ത ബാക്കി മൃതദേഹങ്ങള്‍ സംസ്‌കരിക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പ്രദേശം സ്ഥിര ശ്മശാന ഭൂമിയാക്കാനും തീരുമാനമുണ്ട്.

Latest News